MOVIES

കങ്കുവ കിടുക്കുമോ? ആരാധകരെ ഞെട്ടിച്ച് വിദേശത്തെ അഡ്വാൻസ് കളക്ഷൻ !

പ്രേക്ഷകരുടെ പ്രതീക്ഷയെ ശരിവെക്കുന്ന വാർത്തകളാണ് വടക്കേ അമേരിക്കയിലെ കങ്കുവയുടെ അഡ്വാൻസ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്

Author : ന്യൂസ് ഡെസ്ക്



ആരാധാകർ കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് കങ്കുവ. നവംബർ 14ന് തിയേറ്ററിലെത്തുന്ന ചിത്രത്തിൽ പ്രേക്ഷകർ വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്. പ്രേക്ഷകരുടെ പ്രതീക്ഷയെ ശരിവെക്കുന്ന വാർത്തകളാണ് വടക്കേ അമേരിക്കയിലെ കങ്കുവയുടെ അഡ്വാൻസ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

വടക്കേ അമേരിക്കയില്‍ സിനിമ ഇതിനോടകം 84 ലക്ഷം ചിത്രം നേടിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. കങ്കുവയുടെ വേള്‍ഡ് പ്രീമിയര്‍ ഷോ പ്രദര്‍ശനം നേരത്തെ നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനോടൊപ്പം കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ടെന്ന് നിര്‍മാതാവ് വ്യക്തമാക്കിയതോടെ ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധായകന്‍.

1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോളിവുഡ് താരം ദിഷ പഠിനിയാണ് നായിക. സ്റ്റൂഡിയോ ഗ്രീൻ, യു വി ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ കെ. ഇ ജ്ഞാനവേൽ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉദ്ദലാപതി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. 350 കോടിയാണ് സിനിമയുടെ ബജറ്റ്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി. 10 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. രജനീകാന്ത് ചിത്രം വേട്ടയ്യനോടൊപ്പം, ഒക്ടോബർ പത്തിന് തിയേറ്ററുകളിലേക്കെത്താനിരുന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് മാറ്റി വെക്കുകയായിരുന്നു.

ചിത്രത്തിൽ പ്രതിനായക വേഷമായ ഉദിരനെ അവതരിപ്പിക്കുന്നത് ബോബി ഡിയോളാണ്. സൂര്യയോടൊപ്പം അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും, അദ്ദേഹം വലിയ നടനാണെന്നും ബോബി ഡിയോൾ ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞിരുന്നു. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു സഹോദരനോടെന്ന പോലെയാണ് തനിക്ക് സൂര്യയെ അനുഭവപ്പെട്ടതെന്നും, അത് ചിത്രത്തിൻ്റെ ക്ലൈമാക്സ് ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാൻ സഹായകമായി എന്നും ബോബി ഡിയോൾ പറഞ്ഞു.

SCROLL FOR NEXT