സൂര്യ ആരാധകർ ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് 'കറുപ്പ്’. കാത്തിരിപ്പിനൊടുവിൽ ആർജെ ബാലാജി സംവിധാനം ചെയ്ത ചിത്രം മെയ് 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. റിലീസ് നീണ്ടു പോയ ചിത്രത്തെ ചർച്ചകളിൽ സജീവമാക്കി നിർത്തിയത് നിരന്തരം അപ്ഡേറ്റ് ആവശ്യപ്പെട്ടുകൊണ്ടിരുന്ന സൂര്യ ആരാധകരാണെന്നാണ് ആർജെ ബാലാജി പറയുന്നത്. സുധീർ ശ്രീനിവാസിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സൂര്യ ഫാൻസിനായി വലിയ ഒരു അപ്ഡേറ്റും സംവിധായകൻ പങ്കുവച്ചു.
അടുത്തിടെ പുറത്തിറങ്ങിയ 'നാങ്ക നാല് പേര്' എന്ന ഗാനം ചിത്രത്തിൽ ഉണ്ടാകില്ലെന്നാണ് ആർജെ ബാലാജി വെളിപ്പെടുത്തിയിരിക്കുന്നത്. ഈ പാട്ടിന് സൂര്യ ആരാധകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. എന്നാൽ, പാട്ട് സിനിമയിൽ ചേർക്കാതിരുന്നത് ഈ കാരണം കൊണ്ടല്ലെന്ന് സംവിധായകൻ വ്യക്തമാക്കി. സിനിമയുമായി പാട്ട് ഒത്തുപോയില്ലെന്നാണ് ബാലാജി പറയുന്നത്. സിലമ്പരസൻ, സായ് അഭ്യങ്കർ, അസൽ കോളാർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സായ് അഭ്യങ്കർ ആണ് സംഗീതം.
രണ്ട് പതിറ്റാണ്ടിനു ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'കറുപ്പ്'. ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമാണ് ഇരുവരും ചിത്രത്തിൽ എത്തുന്നത്. സൂര്യ–തൃഷ കൂട്ടുകെട്ടിന്റെ മാജിക് വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി, മൻസൂർ അലി ഖാൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ഡ്രീം വാര്യർ പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ. പ്രകാശ് ബാബു, എസ്.ആർ. പ്രഭു എന്നിർ ചേർന്നാണ് 'കറുപ്പ്' നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അരവേന്ദ്രരാജ് ഭാസ്കരൻ, രചന - അശ്വിൻ രവിചന്ദ്രൻ, രാഹുൽ രാജ്, ടി.എസ്. ഗോപി കൃഷ്ണൻ, കരൺ അരവിന്ദ് കുമാർ, ഛായാഗ്രഹണം - ജി.കെ. വിഷ്ണു, പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമൂട്, എഡിറ്റർ - ആർ. കലൈവാണൻ, സംഘടനം - വിക്രം മോർ, നൃത്തസംവിധാനം - ഷോബി, സാന്റി, അനുഷ വിശ്വനാഥൻ, ഗാനരചന - പാ വിജയ്, വിവേക്, വിഷ്ണു എടവൻ, അസൽ കോളാർ, ആദേഷ് കൃഷ്ണ, സെംവി, അരുൺ ശ്രീനിവാസൻ, കോസ്റ്റ്യൂംസ് - പെരുമാൾ സെൽവം, മേക്കപ്പ് - വിനോദ് സുകുമാരൻ.