സൂര്യ - വെങ്കി അറ്റ്ലൂരി ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്'  
MOVIES

സൂര്യ - മമിതാ ബൈജു ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്'; ടൈറ്റിൽ പോസ്റ്ററും റിലീസ് തീയതിയും പുറത്ത്

കൈക്കുഞ്ഞുമായി നിൽക്കുന്ന സൂര്യയെ ആണ് പോസ്റ്ററിൽ കാണുന്നത്

Author : ന്യൂസ് ഡെസ്ക്

സൂര്യയും വെങ്കി അറ്റ്ലൂരിയും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. 'വിശ്വനാഥ് ആൻഡ് സൺസ്' എന്നാണ് സിനിമയുടെ പേര്. ജൂലൈയിൽ സിനിമയുടെ റിലീസ് ഉണ്ടാകുമെന്നും പോസ്റ്ററിൽ പറയുന്നു. മമിത ബൈജു ആണ് സിനിമയിൽ നായികയായി എത്തുന്നത്.

കൈക്കുഞ്ഞുമായി നിൽക്കുന്ന സൂര്യയെ ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. വിന്റേജ് സൂര്യ വൈബാണ് പോസ്റ്ററിൽ നിന്ന് ലഭിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ കുറിക്കുന്നത്. 'വ്യത്യസ്തമായ പ്രണയം, ലക്ഷ്യബോധമുള്ള കുടുംബം — ഒരു സമ്പൂർണ എന്റർടെയ്‌നറുമായി ജൂലൈയിൽ ഞങ്ങൾ എത്തുന്നു,' എന്ന് കുറിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും റിലീസ് തീയതിയും സൂര്യ എക്സ് പേജിലൂടെ പങ്കുവച്ചത്.

'വാത്തി', 'ലക്കി ഭാസ്കർ' എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ചിത്രമാണ് 'വിശ്വനാഥ് ആൻഡ് സൺസ്'. സിത്താര എന്റർടെയ്‌ൻമെന്റ്‌സിന്റെ ബാനറിൽ നാഗ വംശിയാണ് സിനിമയുടെ നിർമാണം. ജി.വി. പ്രകാശ് കുമാർ ആണ് സിനിമയുടെ സംഗീത സംവിധാനം. രാധിക ശരത്‌കുമാർ, രവീണ ടണ്ടൺ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 24 വർഷങ്ങൾക്ക് ശേഷം രവീണ ടണ്ടൺ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. 2001ൽ ഇറങ്ങിയ 'ആളവന്താൻ' എന്ന കമൽ ഹാസൻ ചിത്രത്തിലാണ് അവസാനം നടി തമിഴിൽ അഭിനയിച്ചത്.

അതേസമയം, കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'റെട്രോ'യാണ് ഒടുവിൽ പുറത്തിറങ്ങിയ സൂര്യ ചിത്രം. ആർജെ ബാലാജി സംവിധാനം ചെയ്ത 'കറുപ്പ്', ജിത്തു മാധവൻ ചിത്രം 'സൂര്യ 47' എന്നീ സിനിമകളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. തൃഷ, നസ്രിയ നസീം, നസ്‌ലൻ എന്നിവരാണ് 'സൂര്യ 47'ലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ ടൈറ്റിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

SCROLL FOR NEXT