തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ'യ്ക്ക് ആശംസകൾ നേർന്ന് താരദമ്പതികളായ സൂര്യയും ജ്യോതികയും. കുഞ്ഞു സഞ്ജയ് സംവിധായകനായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് സൂര്യ സമൂഹമാധ്യമങ്ങളിൽ കുറച്ചിത്. ജേസന്റെ പക്വതയും ശാന്തമായ പെരുമാറ്റവുമാണ് തന്റെ പോസ്റ്റിൽ ജ്യോതിക എടുത്തുകാട്ടിയത്.
"സിഗ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. വളരെ സന്തോഷത്തോടെയാണ് ഞാൻ നിന്റെ പ്രൊമോഷനുകൾ കണ്ടുകൊണ്ടിരിക്കുന്നത്. വളർന്നു വലുതായ, ഇത്രയും പക്വതയും ശാന്തതയും യഥാർത്ഥ്യബോധവുമുള്ള, എല്ലാറ്റിലുമുപരി മാതാപിതാക്കൾക്ക് ഏറ്റവും നല്ലൊരു മകനായിരിക്കുന്ന ഒരു ചെറുപ്പക്കാരനെ കാണുമ്പോൾ, നിങ്ങളെ തേടിയെത്തുന്ന എല്ലാ വിജയങ്ങൾക്കും നീ പൂർണമായും അർഹനാണ് എന്ന് എനിക്ക് തോന്നുന്നു. മുഴുവൻ ടീമിനും ഒരു മികച്ച റിലീസ് ആശംസിക്കുന്നു. ദൈവം നിന്നെ എപ്പോഴും അനുഗ്രഹിക്കട്ടെ," ജ്യോതിക കുറിച്ചു.
"ഒരു നല്ല തുടക്കമാകട്ടെ, സഞ്ജയ്.. കുഞ്ഞു സഞ്ജയ് ഇപ്പോൾ ഒരു സംവിധായകനായി എന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല! നാളെ വലിയൊരു ദിവസമാണ്. ജെയ്സൺ സഞ്ജയ്ക്ക് എല്ലാവിധ ആശംസകളും!," എന്നായിരുന്നു സൂര്യയുടെ പോസ്റ്റ്.
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ മലയാളം ഭാഷകളിലായി വൻ റിലീസായാണ് 'സിഗ്മ' തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. ആക്ഷൻ ഹീസ്റ്റ് കോമഡി ഴോണറിലുള്ള ചിത്രത്തിൽ സന്ദീപ് കിഷനും ഫാരിയ അബ്ദുള്ളയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അൻപു ദാസൻ, യോഗി ബാബു, മഹാലക്ഷ്മി, ഷീല രാജ്കുമാർ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തമൻ ആണ് സംഗീതം ഒരുക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ ആണ് 'സിഗ്മ' നിർമിച്ചിരിക്കുന്നത്.
വിവേക്, സൂപ്പർ സുബ്ബു എന്നിവരുടെ വരികൾക്ക് തമൻ എസ് ആണ് സംഗീതം പകർന്നിരിക്കുന്നത്. കൃഷ്ണൻ വസന്ത് ആണ് 'സിഗ്മ'യുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ: പ്രവീൺ കെ.എൽ, കോ ഡയറക്ടർ: സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, വിഎഫ്എക്സ് ഹരിഹരസുതൻ, സ്റ്റിൽസ്: അരുൺ പ്രസാദ്.