MOVIES

രജനിയുടെ വേട്ടയ്യനോട് മുട്ടാനില്ല; സൂര്യയുടെ കങ്കുവ റിലീസ് മാറ്റി

വലിയ മുതല്‍ മുടക്കില്‍ വൈഡ് റിലീസ് പ്ലാന്‍ ചെയ്ത രണ്ട് സിനിമകളും ഒരേ ദിവസം റിലീസ് ചെയ്യുമ്പോള്‍ സംഭവിക്കുന്ന ബോക്സ് ഓഫീസ് ക്ലാഷ് ഒഴിവാക്കുന്നതിനായാണ് കങ്കുവ സോളോ റിലീസിന് തയാറായത് എന്നാണ് അനൗദ്യോഗിക വിവരം

Author : ന്യൂസ് ഡെസ്ക്


സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം 'കങ്കുവ'യുടെ റിലീസ് തീയതി മാറ്റി. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജ നിര്‍മിക്കുന്ന ചിത്രം ശ്രീഗോകുലം മൂവീസാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. നേരത്തെ രജനികാന്ത് ചിത്രം വേട്ടയ്യനൊപ്പം ഒക്ടോബര്‍ പത്തിന് കങ്കുവ റിലീസ് ചെയ്യുമെന്നാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നവംബര്‍ 14 ന് കങ്കുവ തിയേറ്ററുകളിലെത്തും.

ALSO READ : "ഈ ചിത്രം ഏറ്റവും പ്രത്യേകതയുള്ളതായി തോന്നുന്നു,"; കങ്കുവ ട്രെയിലറിൽ പ്രതികരണവുമായി ജ്യോതിക

തമിഴ്നാടിന് പുറത്തും വിദേശത്തും പരമാവധി സ്ക്രീനുകളും ഷോകളും ഉറപ്പാക്കാനാണ് അണിയറക്കാരുടെ ശ്രമം. സൂര്യയുടെ കരിയറിലെ ഏറ്റവുമധികം മുതല്‍മുടക്കമുള്ള സിനിമയാണ് കങ്കുവ. രണ്ട് ഭാഗങ്ങളായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ബോബി ഡിയോളാണ് വില്ലനായെത്തുന്നത്. ദിഷാ പഠാനിയാണ് നായിക.

പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന കങ്കുവയുടെ ബജറ്റ് 350 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. സ്റ്റുഡിയോ ഗ്രീനിനൊപ്പം യു വി ക്രിയേഷൻസും നിര്‍മാണ പങ്കാളിയാണ്.

ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം- വെട്രി പളനിസാമി, എഡിറ്റർ- നിഷാദ് യൂസഫ്, കലാസംവിധാനം- മിലൻ, രചന- ആദി നാരായണ, സംഭാഷണം- മദൻ കർക്കി, ആക്ഷൻ- സുപ്രീം സുന്ദർ, കോസ്റ്റ്യൂം ഡിസൈനർ- അനുവർധൻ, ദത്ഷാ പിള്ളൈ, വസ്ത്രങ്ങൾ- രാജൻ, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്പെഷ്യൽ മേക്കപ്പ്- രഞ്ജിത് അമ്പാടി, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത് തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

SCROLL FOR NEXT