ചെന്നൈ: സൂര്യ നായകനായ ഏറ്റവും പുതിയ ചിത്രമാണ് 'കറുപ്പ്'. നടന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം മെയ് 14ന് തിയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. തമിഴ്നാട് മുഖ്യമന്ത്രി വിജയ് ചിത്രത്തിന് രാവിലെ ഒൻപത് മണിക്ക് പ്രത്യേക ഷോകൾ നടത്താൻ അനുമതിയും നൽകിയിരുന്നു.
എന്നാൽ, ആദ്യ ദിനം ആദ്യ ഷോയ്ക്ക് ടിക്കറ്റെടുത്ത് കാത്തിരുന്ന പ്രേക്ഷകരെ നിരാശരാക്കി സിനിമയുടെ റിലീസ് അവസാന നിമിഷം റദ്ദാക്കി. നിർമാതാക്കളായ ഡ്രീം വാരിയർ പിക്‌ചേഴ്സിന്റെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു കാരണം. ഇപ്പോഴിതാ, പ്രശ്നങ്ങൾ പരിഹരിച്ച് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നു. സിനിമയുടെ ആദ്യ പ്രദർശനം രാവിലെ 10 മണി മുതൽ ആരംഭിച്ചു.
ആർ.ജെ. ബാലാജി ആണ് സിനിമയുടെ സംവിധാനം. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'കറുപ്പ്'. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് 'കറുപ്പി'ൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സൂര്യ–തൃഷ കൂട്ടുകെട്ടിന്റെ മാജിക് വീണ്ടും വലിയ സ്ക്രീനിൽ കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ. പ്രകാശ് ബാബുവും എസ്.ആർ. പ്രഭുവും ചേർന്നാണ് 'കറുപ്പ്' നിർമിച്ചിരിക്കുന്നത്. ഐഎംപി ഫിലിംസാണ് 'കറുപ്പ്' കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.