MOVIES

കങ്കുവ: സൂര്യയുടെ പുതിയ ലുക്ക് വൈറലാവുന്നു

ചിത്രത്തിലെ മറ്റൊരു ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍

Author : ന്യൂസ് ഡെസ്ക്


പീരീഡ് ഫാന്റസിയായ കങ്കുവയിലൂടെ നടന്‍ സൂര്യ ബിഗ് സ്‌ക്രീനിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ്. ദേശീയ അവാര്‍ഡ് ജേതാവായ നടനും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കങ്കുവ. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ സൂര്യ ഒന്നില്‍ കൂടുതല്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ സൂര്യയുടെ ഗോത്ര ലുക്ക് ഇതിനോടകം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. താരത്തിന്റെ സെക്കന്റ് ലുക്ക് ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ വൈറലായി കഴിഞ്ഞു.

ചിത്രത്തിലെ വരാനിരിക്കുന്ന വാമോസ് ബ്രിന്‍കാര്‍ ബേബ് എന്ന യോളോ ഗാനത്തിലെ സൂര്യയുടെ ലുക്കാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ രണ്ടാമത്തെ പാട്ടായാ യോളോ സോങ് ഇന്ന് റിലീസ് ആകും. പാട്ടില്‍ സൂര്യയ്‌ക്കൊപ്പം ബോളിവുഡ് താരം ദിഷ പഠാനിയും ഉണ്ടായിരിക്കും.


അടുത്തിടെ ചിത്രത്തിന്റെ നിര്‍മാതാവ് കങ്കുവ ബോക്‌സ് ഓഫീസില്‍ 2000 കോടി കളക്ട് ചെയ്യുമെന്ന് പറഞ്ഞിരുന്നു. ചിത്രത്തില്‍ പ്രതിനായക വേഷമായ ഉദിരനെ അവതരിപ്പിക്കുന്നത് ബോബി ഡിയോളാണ്. സൂര്യയോടൊപ്പം അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും, അദ്ദേഹം വലിയ നടനാണെന്നും ബോബി ഡിയോള്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ ഏഎന്‍ഐയോട് പറഞ്ഞിരുന്നു. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു സഹോദരനോടെന്ന പോലെയാണ് തനിക്ക് സൂര്യയെ അനുഭവപ്പെട്ടതെന്നും, അത് ചിത്രത്തിന്റെ ക്ലൈമാക്സ് ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സഹായകമായി എന്നും ബോബി ഡിയോള്‍ കൂട്ടിച്ചേര്‍ത്തു.


സ്റ്റൂഡിയോ ഗ്രീന്‍, യു വി ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ കെ. ഇ ജ്ഞാനവേല്‍ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉദ്ദലാപതി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

SCROLL FOR NEXT