'പച്ച തീയാണ് നീ' എന്ന ഗാന രംഗത്തില്‍ തമന്നയും പ്രഭാസും Source: Screenshot / Pacha Theeyanu Nee | Baahubali - The Beginning
MOVIES

'ബാഹുബലി: ദി എപ്പിക്കി'ല്‍ തമന്നയുടെ 'പച്ച തീയാണ് നീ' എന്ന ഗാനം ഉണ്ടാകില്ല; രാജമൗലിയുടെ വെളിപ്പെടുത്തലില്‍ നിരാശരായി ആരാധകർ

ബാഹുബലി ആദ്യ ഭാഗത്തില്‍ തമന്നയും പ്രഭാസും ചേർന്ന് അഭിനയിച്ച 'പച്ച തീയാണ് നീ' എന്ന ഗാനം ഹിറ്റായിരുന്നു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: 'ബാഹുബലി' റീ റിലീസ് ഉണ്ടാകുമെന്ന് ഈ വർഷം ആദ്യമാണ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്. അന്നൗണ്‍സ്‌മെന്റ് വന്ന അന്നുമുതല്‍ ആവേശത്തിലാണ് ആരാധകർ. ഒക്ടോബർ 31ന് ആണ് സിനിമയുടെ റീ റിലീസ്. 'ബാഹുബലി: ദി ബിഗിനിങ്' (2015), 'ബാഹുബലി 2: ദി കൺക്ലൂഷൻ' (2017) എന്നീ രണ്ട് ഭാഗങ്ങളും സംയോജിപ്പിച്ച് 'ബാഹുബലി: ദി എപ്പിക്' എന്ന പേരിലാണ് സിനിമ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്.

പ്രഭാസ്, റാണ ദഗ്ഗുബതി, രമ്യ കൃഷ്ണന്‍, അനുഷ്ക ശർമ, തമന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ബാഹുബലി: ദി എപ്പിക്' എന്ന ചിത്രത്തെപ്പറ്റി പുതിയ ഒരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. സിനിമയില്‍ തമന്നയും പ്രഭാസും ചേർന്ന് അഭിനയിച്ച 'പച്ച തീയാണ് നീ' എന്ന ഹിറ്റ് ഗാന രംഗം ഉണ്ടാകില്ല. സംവിധായകന്‍ എസ്.എസ്. രാജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. റീ റിലീസിനോട് അനുബന്ധിച്ച് പ്രഭാസ്, റാണാ ദഗ്ഗുബതി, എസ്.എസ്. രാജമൗലി എന്നിവർ പങ്കെടുത്ത അഭിമുഖത്തിലാണ് പാട്ട് ഒഴിവാക്കിയ വിവരം പുറത്തുവിട്ടത്.

"രണ്ട് ഭാഗങ്ങള്‍ ചേർക്കുമ്പോള്‍, റോളിങ് ടൈറ്റില്‍ നീക്കം ചെയ്താല്‍ ആകെ ദൈർഘ്യം ഏകദേശം അഞ്ച് മണിക്കൂറും 27 മിനിറ്റും ആണ് ആകേണ്ടത്. എന്നാല്‍, നിലവിലെ പതിപ്പിന് മൂന്ന് മണിക്കൂറും 43 മിനിറ്റുമാണ് ദൈർഘ്യം. അവന്തികയുടെയും ശിവയുമായുള്ള പ്രണയകഥ, 'പച്ച തീയാണ് നീ', 'മുകില്‍ വർണ മുകുന്ദ', 'മനോഹരി' എന്നീ ഗാനങ്ങളും യുദ്ധ രംഗങ്ങളിലെ ചില ഭാഗങ്ങളും ഉള്‍പ്പെടെ നിരവധി സീക്വന്‍സുകള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്," രാജമൗലി പറഞ്ഞു.

തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലായി ഒക്ടോബർ 31ന് ബാഹുബലി ദി എപ്പിക്ക് തിയേറ്ററുകളില്‍ എത്തും. ചിത്രം 4K ദൃശ്യമികവിൽ ആണ് റീ റിലീസ് ചെയ്യുന്നത്. സെഞ്ച്വറി കൊച്ചുമോന്റെ സാരഥ്യത്തിലുള്ള കേരളത്തിലെ പ്രമുഖ നിർമ്മാണ - വിതരണ കമ്പനിയായ സെഞ്ചുറി ഫിലിംസാണ് 'ബാഹുബലി - ദി എപ്പിക്' കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.

SCROLL FOR NEXT