നിങ്ങൾ ഒരു തമിഴ്നാടൻ ഉൾഗ്രാമ പ്രദേശത്തിലൂടെ ബസിൽ പോകുകയാണ്. കുണ്ടിലും കുഴിയിലും ചാടുന്ന ബസിന്റെ ഇളക്കം നിങ്ങൾ അറിയുന്നില്ല. ഉച്ചവെയിലിലും ഇളയരാജയുടെ ഈണത്തിൽ എസ്. ജാനകി പാടിയ ഒരു പാട്ടിന്റെ താളം നിങ്ങളെ പതിയെ മയക്കത്തിലേക്ക് കൊണ്ടുപോകുന്നു. പകുതി ഉണർവിൽ വെളിയിലേക്ക് നോക്കിയാൽ നിങ്ങൾക്ക് മരച്ചുവട്ടിൽ, ചുണ്ടിലെ ബീഡി ഇടം വലം ഓടിച്ചിരിക്കുന്ന പരട്ടയെ കാണാം. അയാളുടെ കൈകൾ തിരുമ്മിക്കൊടുക്കുന്ന ചാപ്പാണിയെ കാണാം. പത്താം ക്ലാസ് പാസായ സന്തോഷത്തിൽ ഓടുന്ന മയിലാണ് ഇപ്പോൾ ആ പാടത്തു കൂടി കടന്നുപോയത്. ആ പശുവുമായി നടന്നുപോകുന്നത് കറുത്തമ്മയാണ്. ശങ്കരപാണ്ടിയും മുത്തുപ്പേച്ചിയും മൂക്കയ്യനും ബാലുവും എല്ലാം ആ വഴിയരികിൽ അവരുടെ കഥകൾ പറഞ്ഞ് നിങ്ങളെ നോക്കി നിൽക്കുകയാണ്. അതേ നിങ്ങൾ ഒരു ഭാരതിരാജാ സിനിമയ്ക്കുള്ളിലാണ്.
"എൻ ഇനിയ തമിഴ് മക്കളെ ...,"ഇത്തരത്തിൽ ഒരു ആമുഖം നൽകിയാണ് തന്റെ കഥകളിലേക്ക് ഭാരതിരാജ കാണികളെ ക്ഷണിക്കുന്നത്. നാടെല്ലാം അലഞ്ഞ് തിരിഞ്ഞ് അന്യദേശത്തെത്തി തന്റെ ഗ്രാമത്തിന്റെ കഥ പറയാനായി നാൽക്കവലയിൽ ചമ്രംപടഞ്ഞിരിക്കുന്ന ഒരു നാടോടിയുടെ ക്ഷണമാണിത്. ചുറ്റും ഉള്ളതൊന്നും അറിയാതെയുള്ള ഓട്ടത്തിനിടയിൽ നഗരത്തിന്റെ അതിർത്തിക്കപ്പുറമുള്ള ടാറിട്ട റോഡ് അവസാനിക്കുന്നിടത്തു തുടങ്ങുന്ന നാട്ടുവഴികളുടെ കഥകൾ കേൾക്കാനാണ് അയാളുടെ ക്ഷണം.
അർബൻ-സ്റ്റുഡിയോ ബേസ്ഡ് സെറ്റിങ്ങുകളിൽ കറങ്ങിത്തിരിഞ്ഞിരുന്ന തമിഴ് സിനിമയെ മണ്ണിലേക്കിറക്കിയവരിൽ പ്രമുഖനാണ് ഭാരതിരാജ. ഗ്രാമങ്ങളിലെ പാടങ്ങളും നടവഴികളും ആറ്റിൻകരകളുമാണ് അദ്ദേഹത്തിന്റെ ലൊക്കേഷനുകൾ. ഗ്രാമീണ ആചാരങ്ങൾ, ഭാഷാ ശൈലി, സംസ്കാരം, വികാരങ്ങൾ എന്നിവ വെള്ളിത്തിരയിലേക്ക് എത്തിച്ചത് ഭാരതിരാജയാണ്. മനുഷ്യർക്കൊപ്പം ആട് മാടും, ഓന്തും പല്ലിയും നായയുമൊക്കെ അദ്ദേഹത്തിന്റെ കഥകളുടെ ഭാഗമായി. ഒരു ഗ്രാമവും അവിടുത്തെ ഒരു കാതൽ കഥയും എന്ന ഫോർമുലയുടെ ഉപജ്ഞാതാവ്.
പെരിയമായതേവരുടെയും കറുത്തമ്മാളിന്റെയും മകനായി 1941 ജൂലൈ 17നാണ് ചിന്നസാമി എന്ന ഭാരതിരാജയുടെ ജനനം. തേനിക്കടുത്തുള്ള അല്ലിനഗരത്തിൽ ജനിച്ച ചിന്നസാമി ആ കുടുംബത്തിലെ അഞ്ചാമത്തെ സന്തതിയായിരുന്നു. ഗ്രാമത്തിലെ ഉത്സവങ്ങളിൽ ചിന്നസാമി നാടകങ്ങൾ എഴുതി, സംവിധാനം ചെയ്ത് അഭിനയിച്ചു. 'സുമ്മാ ഒരു കാതൽ' ആണ് ആദ്യ നാടകം. 1963ൽ 75 രൂപ ശമ്പളത്തിൽ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ സാനിട്ടറി ഇൻസ്പെക്ടറായി ചിന്നസാമിക്ക് ജോലി ലഭിച്ചു. ഈക്കാലയളവിലാണ് പാട്ടിനോട് അടങ്ങാത്ത അഭിനിവേശമുള്ള രണ്ട് സഹോദരങ്ങളെ അയാൾ പരിചയപ്പെടുന്നത്. പ്രശസ്തമായ പാവലർ ബ്രദേഴ്സിലെ ഡാനിയൽ രാസയ്യയും സഹോദരൻ അമർസിങ്ങും. പിന്നീട് ഇസൈജ്ഞാനി ഇളയരാജയായത് ഈ രാസയ്യയാണ്.
ഏറെ വൈകാതെ സിനിമാ മോഹവുമായി ചിന്നസാമി മദ്രാസിലേക്ക് ജീവിതം പറിച്ചുനട്ടു. ആ കാലഘട്ടത്തിൽ ഒരു പെട്രോൾ ബങ്കിലായിരുന്നു അദ്ദേഹത്തിന്റെ ജോലി. പാവലർ ബ്രദേഴ്സിനെ ചിന്നസാമി മറന്നില്ല. സിനിമയിൽ ഭാഗ്യം പരീക്ഷിക്കാനായി അവരെ മദ്രാസിലേക്ക് വിളിച്ചു. രംഗനാഥൻ സ്ട്രീറ്റിലെ താമസസ്ഥലത്ത് നിന്നും നീളുന്ന വഴികളിലൂടെ അവർ സിനിമയിലേക്കുള്ള ദിശ തേടി.
1967ലാണ് ചിന്നസാമിക്ക് ഭാരതിരാജയിലേക്കുള്ള വഴി തുറക്കുന്നത്. ആ വർഷമാണ് അദ്ദേഹം കന്നഡ സംവിധായകൻ എസ്.ആർ. പുട്ടണ്ണ കനഗലിനൊപ്പം സഹസംവിധായകനായി ചേരുന്നത്. അക്കാലത്ത് പ്രശസ്തരായിരുന്ന പി. പുല്ലയ്യ, അവിനാസി മണി, എ. ജഗനാഥൻ എന്നിവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചു. കുറച്ചുകാലം 100ൽ അധികം സിനിമകൾ എടുത്ത പ്രശസ്ത മലയാളി സംവിധായകൻ എം. കൃഷ്ണൻനായരുടെ അസിസ്റ്റന്റുമായിരുന്നു ഭാരതിരാജ. ഈ പഠനവും തന്റെ നേരനുഭവങ്ങളുമായാണ് ഭാരതിരാജ സ്വതന്ത്ര സംവിധായകന്റെ കുപ്പായമണിഞ്ഞത്.
1977ൽ ഇറങ്ങിയ '16 വയതിനിലൈ' ആണ് ആദ്യ ഭാരതിരാജ സിനിമ. 'സിന്ദൂര പൂവെ എൻ മന്നൻ എങ്കെ', എന്ന ജാനകിയമ്മയുടെ ദുഃഖസാന്ദ്രമായ ശബ്ദത്തിലുള്ള പാട്ടിന്റെ ഏതാനും വരികളിലൂടെയാണ് സിനിമ തുടങ്ങിയത്. പൂപ്പാടവും, അരുവിയും, ഇളകുന്ന ഇലകളും ജാനകിയുടെ ശബ്ദത്തിന്റെ തീവ്രഭാവങ്ങൾ സ്ക്രീനിലേക്ക് എത്തിച്ചു. റെയിൽവെ സ്റ്റേഷനിൽ ആർക്കോ വേണ്ടി കാത്തുനിൽക്കുന്ന ശ്രീദേവി അവതരിപ്പിച്ച മയിലിന്റെ കലങ്ങിയ കണ്ണുകളുടെ ക്ലോസിലാണ് ഭാരതിരാജ തന്റെ കണ്ണീർ കഥകൾക്ക്, കാതൽ കഥകൾക്ക് തുടക്കം കുറിച്ചത്. തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ വലിയൊരു ഏടാണ് ഈ സിനിമ.
തമിഴ് മെലോഡ്രാമ സിനിമയുടെ മാനദണ്ഡങ്ങളെ മാത്രമല്ല, മറ്റ് പല മാമൂലുകളും 16 വയതിനിലൈ തകർത്തു. മുഷിഞ്ഞ വേഷം ധരിച്ച, പാൻ ചവയ്ക്കുന്ന, ദുർബലനായ നായകനെയും പ്രേക്ഷകർ സ്വീകരിക്കുമെന്ന് ചാപ്പാണിയിലൂടെ ഭാരതിരാജ തെളിയിച്ചു.
16 വയസുകാരിയായ മയിലിന്റെ ഏറ്റവും വലിയ ആഗ്രഹം പഠിച്ച് ഒരു ടീച്ചറാവുകയാണ്. മയിലിനെ ആരാധിക്കുന്ന, പ്രണയിക്കുന്ന നിഷ്കളങ്കനായ യുവാവാണ് കമലഹാസൻ അവതരിപ്പിച്ച ചാപ്പാണി. "മരുമകനെ...," എന്ന് വിളിച്ചാണ് മയിലിന്റെ അമ്മ കുറുവമ്മ അവനെ വളർത്തിയത്. ചാപ്പാണി തന്നെ ഒരു അവസരത്തിൽ പറയുന്ന വാക്കുകൾ കടം എടുത്താൽ. അവർ ആടിനെ വളർത്തി, കോഴിയെ വളർത്തി. പക്ഷേ പട്ടിയെ വളർത്തിയില്ല. പകരം ചാപ്പാണിയെ വളർത്തി. എന്നാൽ, പരിഷ്കാരവും വിവേചനബുദ്ധിയും ഇല്ലാത്ത ചാപ്പാണിയെ മയിലിന് കണ്ണെടുത്താൽ കണ്ടുകൂടാ. ഇതൊന്നും കാര്യമാക്കാതെ അവൻ അവളെ സ്നേഹിച്ചു. മറുവശത്ത് രജനികാന്ത് അവതരിപ്പിച്ച 'പരട്ടെ' എന്ന കഥാപാത്രം ഒരു മരത്തിന്റെ തണലും യെസ് മൂളുന്ന സുഹൃത്തുക്കളുമായി മയിലിനെ കാമിക്കാൻ ആഗ്രഹിക്കുന്നു. ഇത് നടക്കാത്തതിന്റെ കെറുവിൽ അവളെപ്പറ്റി മോശം പറയുന്നു. ഇതിനിടയിലേക്കാണ് നഗരത്തിൽ നിന്നും ഒരു മൃഗ ഡോക്ടർ വരുന്നത്. അതേ, നിങ്ങളുടെ മനസിൽ ഓടുന്ന കഥ തന്നെയാണ് പിന്നീട് അങ്ങോട്ട് സംഭവിക്കുന്നത്.
എന്താണ് ഈ സിനിമയുടെ പ്രാധാന്യം? തമിഴ് മെലോഡ്രാമ സിനിമയുടെ മാനദണ്ഡങ്ങളെ മാത്രമല്ല, മറ്റ് പല മാമൂലുകളും 16 വയതിനിലൈ തകർത്തു. മുഷിഞ്ഞ വേഷം ധരിച്ച, പാൻ ചവയ്ക്കുന്ന, ദുർബലനായ നായകനെയും പ്രേക്ഷകർ സ്വീകരിക്കുമെന്ന് ചാപ്പാണിയിലൂടെ ഭാരതിരാജ തെളിയിച്ചു. സമൂഹം ഗോസിപ്പുകൾ കൊണ്ട് കല്ലെറിയുമ്പോഴും ഒരു സ്ത്രീക്ക് ധീരമായി തലയുയർത്തി മുന്നോട്ട് പോകാം എന്ന് കാണിച്ചുതന്നു. 'കുറുവമ്മ' അങ്ങനെയാണ് ജീവിച്ചത്, മയിലും. കഥാപാത്രങ്ങളെ പിന്തുടരുന്ന സ്ക്രിപ്റ്റിങ്ങായിരുന്നു മറ്റൊരു സവിശേഷത. സിനിമയിലെ നിശബ്ദ ഇടങ്ങളിൽ കഥ പറയാനായി സംഗീതം കടന്നുവരുന്നതും പുതുഅനുഭവമായിരുന്നു. 'അന്നക്കിളി'യിലൂടെ ഇളയരാജ തന്റെ വരവ് അറിയിച്ചെങ്കിലും 16 വയതിനിലൈ ആണ് അദ്ദേഹത്തിന്റെ വേരുകൾ തമിഴ് മണ്ണിലും മനസിലും ആഴത്തിൽ ഇറക്കിയത്.
രണ്ടാമത്തെ ചിത്രമായ 'കിഴക്കേ പോഗും റെയിലി'ലൂടെ തന്റെ കഥാകഥന രീതി എന്താണെന്ന് ഭാരതിരാജ വ്യക്തമാക്കി. പിന്നീടങ്ങോട്ടുള്ള ഒരു പതിറ്റാണ്ടിൽ 'അലഗൾ ഓയ്‌വതില്ലൈ', 'മൺവാസനൈ', 'മുതൽ മരിയാദൈ' എന്നീ സിനിമകളിലൂടെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള നിരവധി സിനിമകൾ, പ്രണയത്തിന്റെ പല ഭാവങ്ങൾ ഭാരതിരാജ സ്ക്രീനിലേക്ക് എത്തിച്ചു. ഇതിൽ 'മുതൽമരയാദൈ'ക്കും 'മൺവാസനൈ'യ്ക്കും കൾട്ട് സ്റ്റാറ്റസാണുള്ളത്. പ്രണയം ശ്വസിച്ച ഭാരതിരാജ, സാമൂഹികമായ പ്രസ്താവനകളും തന്റെ സിനിമകളിലൂടെ നടത്തുന്നുണ്ട്.
'മുതൽ മരിയാദൈ'യിൽ പ്രണയം പ്രായത്തെ കടക്കുമ്പോൾ 1987ൽ ഇറങ്ങിയ 'വേദം പുതിത്' എന്ന സിനിമയിൽ പ്രണയം ജാതിയെ കടക്കാനാണ് ശ്രമിക്കുന്നത്. കെ. കണ്ണൻ എഴുതിയ 'സാതികൾ ഇല്ലൈയടി പാപ്പ' എന്ന നാടകത്തെ അവലംബിച്ച് ഭാരതിരാജ തന്നെ തിരക്കഥ എഴുതിയ 'വേദം പുതിത്' ഇറങ്ങിയ കാലത്ത് തന്നെ ബ്രാഹ്മണ സംഘടനകൾ വലിയ കോലാഹലങ്ങൾ ഉയർത്തിയിരുന്നു. ബാലു തേവറുടെയും പേച്ചിയുടെയും മകൻ ശങ്കരപാണ്ടി ബ്രാഹ്മണജാതിക്കാരിയായ വൈദേഹിയെ പ്രണയിക്കുന്നതാണ് സിനിമയുടെ ഉള്ളടക്കം. സിനിമയുടെ അവസാനം ജാതി സ്വത്വം ഉടച്ച് കൊണ്ട് പൂണൂൽ പുഴയിൽ ഉപേക്ഷിക്കുന്ന ശങ്കരൻ, ജാതി ചിന്തകളുടെ മുഖത്താണ് അടിക്കുന്നത്.
ഇക്കാരണങ്ങൾ കൊണ്ട് തന്നെ 'വേദം പുതിതിന്' സെൻസർ അനുമതി ലഭിക്കുന്നില്ല. വിവരം അറിഞ്ഞ എംജിആർ തനിക്കായി സിനിമ സ്ക്രീൻ ചെയ്യാൻ ആവശ്യപ്പെട്ടു. സിനിമ കണ്ട എംജിആർ ഭാരതിരാജയോട് സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചുകൊള്ളാൻ പറഞ്ഞു. അങ്ങനെയാണ് ശക്തമായ ആശയം ഉൾക്കൊള്ളുന്ന ആ സിനിമ പ്രേക്ഷകനിലേക്ക് എത്തിയത്.
90കളില്‍ സിനിമയിലേക്ക് ആധുനികത കടന്നുവന്നപ്പോൾ 'കിഴക്കു ചീമയിലും' 'കറുത്തമ്മയും' എടുത്ത് ഭാരതിരാജ പുതുതലമുറ സംവിധാകരുടേയും പ്രിയപ്പെട്ടവനായി. പുതുതലമുറ തമിഴ് സിനിമയുടെ തുടക്കക്കാരനായ ഭാരതിരാജ റിയാലിറ്റിയെ സ്ക്രീനിലേക്ക് എത്തിക്കാനാണ് ശ്രമിച്ചത്. പ്രണയത്തിന്റെയും ജീവിതത്തിന്റെയും സ്വപ്ന സമാനമായ യാത്രയ്ക്കിടയിൽ അദ്ദേഹം യാഥാർഥ്യത്തിന്റെ കാരമുള്ളുകൾ സ്ഥാപിച്ചു. സംവിധായകൻ മഹേന്ദ്രൻ ഈ മാതൃകയാണ് പിന്തുടർന്നത്. മഹേന്ദ്രനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ബാലു മഹേന്ദ്രയും റിയലിസ്റ്റിക് കഥപറച്ചിലിലേക്ക് കടന്നു. ബാലു മഹേന്ദ്രയിലൂടെ അത് ബാലയിലേക്കും, ശശികുമാറിലേക്കും, അമീറിലേക്കും, റാമിലേക്കും, ചീനു രാമസ്വമിയിലേക്കും വെട്രിമാരനിലേക്കും എത്തി. മണിവണ്ണനും ഭാഗ്യരാജും ഭാരതിരാജയുടെ തന്നെ വഴി പിന്തുടർന്നു. ഇതിൽ നിന്നു തന്നെ ഇന്ന് നമ്മൾ കാണുന്ന തമിഴ് സിനിമാ ലാൻഡ്സ്കേപ്പിന്റെ ഉറവിടം വ്യക്തമാണ്. നാല് തലമുറകളെ അദ്ദേഹം സ്വാധീനിച്ചു എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല.
1980കളിൽ ഭാരതിരാജയ്ക്ക് തമിഴ്നാട്ടിൽ 950 ആരാധക സംഘടനകൾ ഉണ്ടായിരുന്നു. ക്ലാസ് സംവിധായകർ മാസ് നായകരേക്കാൾ ഉയരത്തിൽ നിൽക്കുന്ന കാലമായിരുന്നു അത്
സംവിധായകരെ മാത്രമല്ല നിരവധി അഭിനേതാക്കളേയും സിനിമയ്ക്ക് സംഭാവന ചെയ്തതും ഭാരതിരാജയാണ്. കാർത്തിക്, രാധ, രേവതി, രാധിക, വിജയശാന്തി, ജനഗരാജ്, ചന്ദ്രശേഖർ, പാണ്ഡ്യൻ, നെപ്പോളിയൻ എന്നിങ്ങനെ നിരവധി പേരെ ഇദ്ദേഹം തിരയിലേക്ക് എത്തിച്ചു. 1980കളിൽ ഭാരതിരാജ അവതരിപ്പിച്ച എല്ലാ നടിമാരുടെയും പേരുകൾ അദ്ദേഹം മാറ്റിയിരുന്നു. വൈകാരികമായ കാരണങ്ങളാൽ രാധ, രേവതി, രാധിക എന്നിങ്ങനെ R-ൽ തുടങ്ങുന്ന പേരുകളാണ് അദ്ദേഹം അവർക്ക് നൽകിയത്. പിന്നീട് അച്ഛൻ അമ്മമാർ നൽകിയ പേര് മാറ്റാൻ താൻ ആരെന്ന് പറഞ്ഞ് അദ്ദേഹം ഇത് അവസാനിപ്പിച്ചു.
40ഓളം സിനിമകൾ ചെയ്ത അദ്ദേഹം നല്ല ഒരു നടൻ കൂടിയാണ്. മണിരത്നത്തിന്റെ 'ആയുധ എഴുത്തിലെ' സെൽവ നായഗൻ എന്ന ചിരിച്ചുകൊണ്ട് കൊല്ലുന്ന രാഷ്ട്രീയക്കാരന്റെ ഒറ്റ വേഷം മതി അദ്ദേഹത്തിന്റെ റേഞ്ച് മനസിലാക്കാൻ. 'കുരങ്ങുബൊമ്മ'യിലും 'തിരുചിട്രമ്പല'ത്തിലും മലയാളം സിനിമയായ തുടരുമിലും അദ്ദേഹത്തിലെ അഭിനേതാവിന്റെ പല ഭാവങ്ങൾ നമ്മൾ കണ്ടു.
80കളിലേക്ക് തന്നെ തിരികെ പോകാം. ശ്രീധറിന്റെ കാലത്താണ് തമിഴ്നാട്ടിൽ സംവിധായകർക്ക് പ്രത്യേക മര്യാദ ലഭിച്ചുതുടങ്ങിയത്. അദ്ദേഹത്തിന്റെ 'കല്യാണ പരിസ്' എന്ന ചിത്രത്തിനാണ് ആദ്യമായി സംവിധായകന്റെ പേരിന് പ്രേക്ഷകർ കൈയ്യടിച്ചത് എന്നാണ് പറയുന്നത്. കെ. ബാലചന്ദ്രർ ആണ് പിന്നീട് ഈ പ്രേക്ഷക പ്രീതി നേടിയത്. മൂന്നാമനായാണ് ഭാരതിരാജയുടെ വരവ്. 1980കളിൽ ഭാരതിരാജയ്ക്ക് തമിഴ്നാട്ടിൽ 950 ആരാധക സംഘടനകൾ ഉണ്ടായിരുന്നു. ക്ലാസ് സംവിധായകർ മാസ് നായകരേക്കാൾ ഉയരത്തിൽ നിൽക്കുന്ന കാലമായിരുന്നു അത്. എന്നാൽ, ആരാധന പൂജയായി മാറരുത് എന്ന് പറഞ്ഞ് ഭാരതി തന്നെ ഈ ഫാൻസ് അസോസിയേഷനുകൾ പിരിച്ചുവിട്ടു.
ആരാധകർ എവിടെ കണ്ടാലും ഓടിക്കൂടിയിരുന്ന കാലത്ത് നിന്നും 2025ലേക്ക് എത്തുമ്പോൾ ഭാരതിരാജയിലെ പ്രണയം അവസാനിച്ചിരിക്കുമോ? ത്യാഗരാജ കുമാരരാജ ക്രിയേറ്റീവ് ഡയറക്ടറായ 'മോഡേൺ ലവ് ചെന്നൈ'യിലെ 'പറവൈ കൂട്ടിൽ വാഴും മാൻഗൾ' എന്ന ഭാരതിരാജയുടെ പടം അതിനുള്ള ഉത്തരം നൽകും. ബാലു മഹേന്ദ്രയ്ക്കുള്ള ഒരു ട്രിബ്യൂട്ടായിരുന്നു ഈ ചെറിയ പടം. 'എൻ ഇനിയ പൊൻ നിലാവെ' എന്ന ഫുൾ പാട്ട് സീക്വൻസ് പുതിയ സെറ്റിങ്ങിൽ റീക്രിയേറ്റ് ചെയ്ത് ആ സംവിധായകൻ ആദ്യം നമ്മളെ ഞെട്ടിക്കും. പിന്നെ കഥയിലൂടെ, കഥാപാത്രങ്ങളിലൂടെ, അവരെ ചേർത്തു നിർത്തുന്ന പ്രണയത്തിലൂടെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തും. പ്രമേയമല്ല പ്രണയമാണ് ഭാരതിരാജ സിനിമകളുടെ ശ്വാസം എന്ന് ഈ പടവും പറഞ്ഞു വയ്ക്കുന്നു.
കണ്ണദാസന്റെ വരികൾക്ക് മാത്രമേ ഭാരതിരാജയിലെ പ്രണയത്തെ നിർവചിക്കാൻ സാധിക്കൂ. ആ നിർവചനം അദ്ദേഹത്തിന്റെ സിനിമകൾക്ക് കൂടിയാണ്.
"ഇയർക്കൈ മറന്താലും
ഇരവൻ മറന്താലും - ഉന്നൈ
ഇദയം മറപ്പദില്ലൈ"