ചെന്നൈ: വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ടാ കുസ്തി 2’ ലെ മൂന്നാം ഗാനം പുറത്ത്. 'ഹൗസ് ഹസ്ബൻഡ്' എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. മോഹൻ രാജൻ വരികൾ രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് സത്യൻ മഹാലിംഗമാണ്. ഷോൺ റോൾഡൻ ആണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ജൂലൈ മൂന്നിന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് ഇ4 എന്റർടെയ്ൻമെന്റ് ആണ്. വേൽസ് ഫിലിം ഇന്റർനാഷണലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് നിർമാണം.
നേരത്തെ സെൻസറിങ് പൂർത്തിയായ ചിത്രത്തിന് ക്ലീൻ 'യു' സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. നേരത്തെ പുറത്തുവന്ന, ചിത്രത്തിലെ രണ്ട് ഗാനവും മികച്ച രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. ഏറെ രസകരമായ രീതിയിലാണ് 'ഹൗസ് ഹസ്ബൻഡ്' എന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത് എന്ന സൂചനയാണ് ലിറിക് വീഡിയോ നൽകുന്നത്. വിഷ്ണു വിശാൽ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ കുടുംബത്തിലെ രസകരമായ സംഭവങ്ങളാണ് ഈ ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ലിറിക് വീഡിയോ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ രണ്ട് ദിവസം മുൻപ് പുറത്തുവരികയും വലിയ പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു.
സൂപ്പർ ഹിറ്റായ 'ഗാട്ടാ കുസ്തി'യുടെ തുടർച്ചയായാണ് ഈ രണ്ടാം ഭാഗം കഥ പറയുന്നത്. മലയാളി പെൺകുട്ടിയായാണ് നായിക ഐശ്വര്യ ലക്ഷ്മി എത്തുന്നത്. വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന വീര, കീർത്തി, അവരുടെ മകൾ എന്നിവരടങ്ങുന്ന കുടുംബത്തിൽ ഉണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.
ഗുസ്തി എന്ന സ്പോർട്സ്, അതിന്റെ ഭാഗമായ ആക്ഷൻ, ഫാമിലി കോമഡി, ഫാമിലി ഡ്രാമ, ഇമോഷൻ എന്നിവയെല്ലാം കോർത്തിണക്കിയാണ് ചിത്രം കഥ പറയുന്നതെന്നും ഇതിന്റെ ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. പക്കാ ഫാമിലി എന്റർടെയ്നർ ആണ് ചിത്രമെന്നും ഇതുവരെ പുറത്തുവന്ന ഗാനങ്ങളും ട്രെയ്‌ലറും പോസ്റ്ററുകളുമടക്കം വ്യക്തമാകുന്നു. രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
നിർമാണം: ഡോക്ടർ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാൽ, കോ പ്രൊഡ്യൂസേഴ്സ് : ശുഭ്ര, ആര്യൻ രമേശ്, ഇഷാൻ സക്സേന, ഛായാഗ്രഹണം: കെ.എം. ഭാസ്കരൻ, സംഗീതം: ഷോൺ റോൾഡൻ , എഡിറ്റർ: ഭരത് വിക്രമൻ, ആർട്ട് ഡയറക്ടർ: ജയചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: രുചി മുനൊത്ത്, സബ്ടൈറ്റിൽ: സാജിദ് അലി, പബ്ലിസിറ്റി ഡിസൈനർ : വിയാക്കി, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻ : സിദ്ധാർഥ് ശ്രീനിവാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ബി ജയ് ഗണേഷ്, എ ആർ ചന്ദ്രമോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ : ശ്രാവന്തി സായ്‌നാഥ്, പിആർഒ : ശബരി.