theatre 
MOVIES

താരങ്ങള്‍ പ്രതിഫലം കൂട്ടുന്നു; നിര്‍മാതാക്കള്‍ക്ക് കനത്ത നഷ്ടം; നവംബര്‍ 1 മുതല്‍ തമിഴ് സിനിമ ചിത്രീകരണമില്ല

മുൻനിര താരങ്ങൾ അഭിനയിക്കുന്ന സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്ത് എട്ടാഴ്ചയ്ക്ക് ശേഷം മാത്രമേ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാവൂ എന്നാണ്  പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന്‍റെ ആവശ്യങ്ങളില്‍ പ്രധാനം.

Author : ന്യൂസ് ഡെസ്ക്

നവംബര്‍ ഒന്ന് മുതല്‍ തമിഴ് സിനിമകളുടെ ചിത്രീകരണവും അനുബന്ധ ജോലികളും നിര്‍ത്തിവെക്കുന്നുവെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ. താരങ്ങള്‍ പ്രതിഫലം വര്‍ധിപ്പിക്കുന്നതും നിര്‍മാതാക്കള്‍ നേരിടുന്ന സാമ്പത്തിക നഷ്ടവും ഒടിടി റിലീസ് അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, തമിഴ്‌നാട് തിയേറ്റർ ഓണേഴ്‌സ് അസോസിയേഷൻ, തമിഴ്‌നാട് തിയറ്റർ മൾട്ടിപ്പിൾ അസോസിയേഷൻ, തമിഴ്‌നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികളും ഇന്ന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.  തമിഴ് സിനിമ വ്യവസായം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. 

മുൻനിര താരങ്ങൾ അഭിനയിക്കുന്ന സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്ത് എട്ടാഴ്ചയ്ക്ക് ശേഷം മാത്രമേ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാവൂ എന്നാണ്  പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന്‍റെ ആവശ്യങ്ങളില്‍ പ്രധാനം. അടുത്ത കാലത്തായി, അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും പ്രൊഡക്ഷൻ കമ്പനികളിൽ നിന്ന് അഡ്വാൻസ് തുക കൈപ്പറ്റുകയും മറ്റ് സിനിമകളുടെ ജോലിക്ക് പോകുകയും ചെയ്യുന്നത് നിർമാതാക്കൾക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. അഡ്വാൻസ് പണം വാങ്ങുന്ന നടനും സാങ്കേതിക വിദഗ്ധനും മറ്റ് സിനിമകളിലേക്ക് കടക്കുന്നതിന് മുമ്പ് അതാത് നിര്‍മാതാക്കളുടെ ചിത്രം പൂർത്തിയാക്കണം. നടന്‍ ധനുഷ് പല നിര്‍മാതാക്കളില്‍ നിന്നും ഇത്തരത്തില്‍ അഡ്വാന്‍സ് കൈപ്പറ്റിയിട്ടുണ്ട്. ഈ പുതിയ സിനിമകളുടെ ജോലികൾ ആരംഭിക്കുന്നതിന് മുമ്പ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിനെ അറിയിക്കണമെന്ന് നിര്‍മാതാക്കളോട് യോഗം ആവശ്യപ്പെട്ടു.

നിരവധി തമിഴ് സിനിമകൾ റിലീസ് ചെയ്യാന്‍ അര്‍ഹമായ തിയേറ്ററുകൾ ലഭിക്കാതെ നട്ടംതിരിയുകയാണ്. ഈ പ്രശ്‌നം പരിഹരിക്കാൻ പുതിയ ചട്ടങ്ങൾ പാസാക്കും. അതിനാൽ ആഗസ്റ്റ് 16 മുതൽ പുതിയ സിനിമകളുടെ ഷൂട്ടിംഗ് ആരംഭിക്കില്ലെന്നും യോഗം തീരുമാനിച്ചു. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന സിനിമകൾ ഒക്ടോബർ 30-നകം പൂർത്തിയാക്കണം. സിനിമയുടെ ചിത്രീകരണത്തിൻ്റെ വിശദാംശങ്ങൾ പ്രൊഡക്ഷൻ ഹൗസുകൾ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലുമായി പങ്കുവെക്കണം.

അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ശമ്പളവും മറ്റ് ചെലവുകളും അനിയന്ത്രിതമായി ഉയരുന്നതിനാൽ, സിനിമാ വ്യവസായത്തെ ക്രമപ്പെടുത്താനും പുനഃസംഘടിപ്പിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനാൽ നവംബർ 1 മുതൽ തമിഴ് സിനിമയുമായി ബന്ധപ്പെട്ട എല്ലാത്തരം ജോലികളും നിർത്തിവയ്ക്കാൻ കൗൺസിൽ നിർദ്ദേശിച്ചു. സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിർമ്മാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളും ഉൾപ്പെടുന്ന സംയുക്ത കമ്മിറ്റി രൂപീകരിക്കാനും യോഗത്തില്‍ ധാരണയായി.

SCROLL FOR NEXT