MOVIES

'തനു വെഡ്‌സ് മനു 3' വരുന്നു; കങ്കണ എത്തുന്നത് ട്രിപിള്‍ റോളില്‍

മൂന്നാം ഭാഗത്തിലും കങ്കണയും മാധവനും തന്നെയായിരിക്കും കേന്ദ്ര കഥാപാത്രങ്ങള്‍

Author : ന്യൂസ് ഡെസ്ക്


കങ്കണ റണാവത്ത്, ആര്‍ മാധവന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് തനു വെഡ്‌സ് മനുവും തനു വെഡ്‌സ് മനു റിട്ടേണ്‍സും. ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയതിന് ശേഷം പ്രേക്ഷകര്‍ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ട് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. സംവിധായകന്‍ ആനന്ദ് എല്‍ റായിയും തിരക്കഥാകൃത്ത് ഹിമാന്‍ഷു ശര്‍മ്മയും തനു വെഡ്‌സ് മനു 3യുമായി എത്തുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ചിത്രത്തിന്റെ മൂന്നാം ഭാഗത്തിലും കങ്കണയും മാധവനും തന്നെയായിരിക്കും കേന്ദ്ര കഥാപാത്രങ്ങള്‍. ചിത്രത്തില്‍ കങ്കണ ട്രിപിള്‍ റോളിലാണ് എത്തുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മൂന്നാം ഭാഗത്തിലും പ്രണയത്തിനും തമാശയ്ക്കും പ്രാധാന്യം നല്‍കി തന്നെയായിരിക്കും കഥ ഉണ്ടായിരിക്കുക. ചിത്രം 2025ന്റെ പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ധനുഷും കൃതി സനോണും കേന്ദ്ര കഥാപാത്രമായ തേരെ ഇഷ്‌ക് മേയുടെ ചിത്രീകരണത്തിലാണ് ആനന്ദ് എല്‍ റായ് ഇപ്പോള്‍. അതിന് ശേഷമായിരിക്കും തനു വെഡ്‌സ് മനു 3യുടെ ചിത്രീകരണം ആരംഭിക്കുക. 2025 ജൂലൈ അല്ലെങ്കില്‍ ഓഗസ്റ്റില്‍ ചിത്രം തിയേറ്ററിലെത്തുമെന്നാണ് സൂചന. അടുത്തിടെ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ആനന്ദ് എല്‍ റായ് തനു വെഡ്‌സ് മനു 3യെ കുറിച്ച് സംസാരിച്ചിരുന്നു.

'അത് കഥയുമായി ബന്ധപ്പെട്ടിരിക്കുകയാണ്. മറ്റൊന്നുമല്ല. ഒരു വലിയ കഥയോടെ കഥാപാത്രങ്ങളെ തിരിച്ചുകൊണ്ടുവരുക എന്നത് വലിയ ഉത്തരവാദിത്തമാണ്. ഞാന്‍ അതിനുള്ള പരിശ്രമത്തിലാണ്. അത് തീരുമാനമായാല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും', എന്നാണ് ആനന്ദ് എല്‍ റായ് പറഞ്ഞത്.

SCROLL FOR NEXT