MOVIES

ഇറാസ് ടൂറിന് ശേഷം ഇനി പുസ്തകം; ആരാധകര്‍ക്ക് ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സമ്മാനം

256 പേജുകളുള്ള പുസ്തകത്തില്‍ ടെയ്‌ലറിന്റെ ഓര്‍മ്മകളും കഥകളും കൂടാതെ ഇറാസ് ടൂറിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങളും അടങ്ങിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്


ഇറാസ് ടൂറിന്റെ വമ്പന്‍ വിജയത്തിന് ശേഷം ആരാധകര്‍ക്കായി പുതിയ സര്‍പ്രൈസുമായി അമേരിക്കന്‍ ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ്. ഇറാസ് ടൂര്‍ ഡിസംബറില്‍ അവസാനിക്കും. അതിന് മുന്നോടിയായി ഇറാസ് ടൂറിനെ കുറിച്ചുള്ള പുസ്തകം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ടെയ്‌ലര്‍. തന്റെ ജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ ടൂര്‍ എന്നാണ് ടെയ്‌ലര്‍ എറാസ് ടൂറിനെ വിശേഷിപ്പിക്കുന്നത്. 256 പേജുകളുള്ള പുസ്തകത്തില്‍ ടെയ്‌ലറിന്റെ ഓര്‍മ്മകളും കഥകളും കൂടാതെ ഇറാസ് ടൂറിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങളും അടങ്ങിയിട്ടുണ്ട്. അതോടൊപ്പം തന്റെ ഏറ്റവും പുതിയ ആല്‍ബമായ 'ദ ടോര്‍ച്ചേഡ് പോയെറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ആന്തോളജിയുടെ' ഫിസിക്കല്‍ കോപിയും ടെയ്‌ലര്‍ റിലീസ് ചെയ്യും.


'ഈ ആഴ്ച്ചയോട് കൂടി ഇറാസ് ടൂറിന്റെ അവസാന ഘട്ടത്തിലേക്ക് കിടക്കുകയാണ്. അത് ചിന്തിക്കാന്‍ തന്നെ പാടാണ്. ഈ ടൂര്‍ എന്റെ ഏറ്റവും മനോഹരമായ അനുഭവമായിരുന്നു. അതുകൊണ്ട് തന്നെ ഇതിന്റെ ഓര്‍മ്മകള്‍ എനിക്ക് പ്രത്യേക തരത്തില്‍ സൂക്ഷിക്കണമെന്നുണ്ട്. ഔദ്യോഗിക ഇറാസ് ടൂര്‍ പുസ്തകം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. അതില്‍ എന്റെ വ്യക്തിപരമായ അനുഭവങ്ങളും ഇതുവരെ കാണാത്ത ഇറാസ് ടൂറിന്റെ ബിടിഎസ് ചിത്രങ്ങളും, നിങ്ങള്‍ എനിക്കായി ഓരോ രാത്രിയും തന്ന അതിമനോഹരമായ ഓര്‍മ്മകളും പിന്നെ അതിനൊപ്പം ദ ടോര്‍ച്ചേഡ് പോയെറ്റ്‌സ് ഡിപാര്‍ട്ട്‌മെന്റ് : ദ ആന്തോളജിയുടെ സീഡിയും ഉണ്ടാകും. നവംബര്‍ 29 മുതല്‍ ടാര്‍ഗെറ്റില്‍ ഇത് ലഭ്യമാകും. അന്താരാഷ്ട്ര തലത്തിലുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുന്നതായിരിക്കും', എന്നാണ് ടെയ്‌ലര്‍ സ്വിഫ്റ്റ് സമൂഹമാധ്യമത്തില്‍ കുറിച്ചത്.


ഈ പ്രഖ്യാപനത്തിന് പിന്നാലെ ടെയ്‌ലര്‍ സ്വിഫ്റ്റ് ആരാധകര്‍ ആവേശത്തിലാണ്. ടൂര്‍ അവസാനിക്കുന്നതില്‍ വിഷമം ഉണ്ടെങ്കിലും ഈ മനോഹരമായ ടൂര്‍ ബുക്കിലൂടെ ആ ഓര്‍മ്മകളിലേക്ക് തിരിച്ചുപോകാന്‍ കാത്തിരിക്കുന്നു എന്നാണ് പോസ്റ്റിന് താഴെ വന്ന കമന്റ്. ടെയ്‌ലറിന്റെ റെപ്യൂട്ടേഷന്‍ എന്ന ആല്‍ബത്തിന്റെ ടെയ്‌ലേഴ്‌സ് വേര്‍ഷനായി കൂടി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനാല്‍ അതുമായി ബന്ധപ്പെട്ട കമന്റുകളും വന്നിട്ടുണ്ട്. റെപ്യൂട്ടേഷന്‍ ടിവി എവിടെ എന്നാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്ന മറ്റൊരു കമന്റ്.

SCROLL FOR NEXT