MOVIES

'നിശബ്ദമായിരിക്കില്ല'; മന്ത്രിയുടെ നാഗചൈതന്യ-സമാന്ത വിവാഹമോചന പരാമര്‍ശത്തില്‍ പ്രതികരിച്ച് തെലുങ്ക് താരങ്ങള്‍

ചിരഞ്ജീവി, ജൂനിയർ എന്‍ടിആർ, അല്ലു അർജുന്‍, നാനി എന്നിവരാണ് പ്രതികരിച്ചത്

Author : ന്യൂസ് ഡെസ്ക്



നാഗ ചൈതന്യ, സമാന്ത റൂത്ത് പ്രഭു എന്നിവരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് തെലങ്കാന മന്ത്രി കൊണ്ടാ സുരേഖ നടത്തിയ പരാമര്‍ശത്തില്‍ ശക്തമായി പ്രതികരിച്ച് തെലുങ്ക് സിനിമ മേഖലയിലെ താരങ്ങള്‍ രംഗത്തെത്തി. മന്ത്രിയുടെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശം കണ്ടതില്‍ തനിക്ക് അങ്ങേയറ്റം വേദനയുണ്ടെന്നാണ് മുതിര്‍ന്ന നടന്‍ ചിരഞ്ജീവി എക്‌സ് പോസ്റ്റില്‍ പറഞ്ഞത്.

'സിനിമ വ്യവസായത്തിലെ അംഗങ്ങളിലൂടെ ശ്രദ്ധ ലഭിക്കുന്നതിനാല്‍ സോഫ്റ്റ് ടാര്‍ഗെറ്റ് ആകുന്നത് ലജ്ജാകരമാണ്. ഞങ്ങളുടെ അംഗങ്ങള്‍ക്ക് നേരെയുള്ള ഇത്തരം ഹീനമായ ആക്രമണങ്ങളെ ചെറുക്കുന്നതിനായി ചലച്ചിത്ര വ്യവസായം എന്ന നിലയില്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളും', എന്നും ചിരഞ്ജീവി വ്യക്തമാക്കി.


ഈ വിഷയത്തില്‍ ജൂനിയര്‍ എന്‍ടിആറും പ്രതികരിച്ചു. 'വ്യക്തിജീവിതം രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് മോശമായ കാര്യമാണ്. പ്രത്യേകിച്ച് നിങ്ങളെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ സ്വകാര്യതയോടുള്ള ബഹുമാനം കാത്തുസൂക്ഷിക്കണം. ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ സിനിമ മേഖലയെ കുറിച്ച് പറയുന്നത് നിരാശാജനകമാണ്', എന്നാണ് ജൂനിയര്‍ എന്‍ടിആര്‍ എക്‌സില്‍ കുറിച്ചത്.


അതോടൊപ്പം #filmindustrywillnottolerate എന്ന ഹാഷ്ടാഗോടെ നടന്‍ അല്ലു അര്‍ജുനും പ്രതികരണം അറിയിച്ചു. 'സിനിമ മേഖലയിലെ വ്യക്തികളെ കുറിച്ചും കുടുംബങ്ങളെ കുറിച്ചും നടത്തിയ അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങളെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ഈ പെരുമാറ്റം അനാദരവും തെലുങ്ക് സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. നിരുത്തരവാദപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ ആവില്ല. കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ ഞാന്‍ ബന്ധപ്പെട്ട നേതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു. ഒരു വ്യക്തിയുടെ സ്വകാര്യതയെ മാനിക്കണം. പ്രത്യേകിച്ച് സ്ത്രീകളോടുള്ള ബഹുമാനം സമൂഹത്തില്‍ ഉണ്ടായിരിക്കണ'മെന്നാണ് അല്ലു അര്‍ജുന്‍ എക്‌സില്‍ കുറിച്ചത്.




എന്ത് വിഡ്ഢിത്തവും പറഞ്ഞ് രക്ഷപ്പെടാമെന്ന് കരുതുന്ന രാഷ്ട്രീയക്കാരുടെ ഈ രീതി വെറുപ്പുളവാക്കുന്നതാണെന്ന് നടന്‍ നാനി പറഞ്ഞു. 'നിങ്ങളുടെ വാക്കുകള്‍ നിരുത്തരവാദപരമാകുമ്പോള്‍ നിങ്ങള്‍ക്ക് ജനങ്ങളോട് എന്തെങ്കിലും ഉ്ത്തരവാദിത്തം ഉണ്ടാകുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത്തരം ചവറ് സംസാരിക്കുന്ന നിലപാടില്‍ അപലപിക്കണ'മെന്നും നാനി വ്യക്തമാക്കി.


അതേസമയം സാമന്ത-നാഗചൈതന്യ വിവാഹമോചനത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ മന്ത്രി കൊണ്ട സുരേഖ മാപ്പ് പറഞ്ഞു. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കാണിച്ച് ബിആര്‍എസ് നേതാവ് കെ.ടി രാമറാവുവും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി മാപ്പ് പറഞ്ഞത്.

നാഗചൈതന്യയും സാമന്തയും വിവാഹമോചിതരായതിന് പിന്നില്‍ രാമ റാവുവാണെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. നടിമാര്‍ സിനിമാ മേഖല വിട്ടുപോകുന്നതിന് പിന്നില്‍ കെ.ടി. രാമറാവു ആണെന്നും കൊണ്ട സുരേഖ ആരോപിച്ചിരുന്നു. ഔദ്യോഗിക എക്‌സ് പോസ്റ്റ് വഴിയായിരുന്നു കൊണ്ട സുരേഖ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. കെ.ടി. രാമറാവുവിന്റെ സ്ത്രീകളെ ഇകഴ്ത്തുന്ന പ്രകൃതത്തെ ചോദ്യം ചെയ്യുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.


SCROLL FOR NEXT