Source: Social Media
MOVIES

ആഗോള കളക്ഷനിൽ തെലുഗു സൂപ്പർതാര ചിത്രങ്ങളെയും കടത്തി വെട്ടി ലോക

293.76 കോടിയാണ് ഒജിയുടെ ഫൈനൽ കളക്ഷൻ

Author : വിന്നി പ്രകാശ്

2025-ലെ ആഗോള കളക്ഷനിൽ തെലുങ്ക് സൂപ്പർതാര ചിത്രങ്ങളെ പോലും മറികടന്ന് മലയാള ചിത്രം ലോക. ഇപ്പോൾ ആഗോള കളക്ഷനിൽ പവൻ കല്യാണിൻ്റെ ഒജിയെയും, നന്ദമുരി ബാലകൃഷ്ണയുടെ അഖണ്ഡ 2-വിനെയും കടത്തി വെട്ടിയിരിക്കുകയാണ് ലോക. ലോകയുടെ 300 കോടി കളക്ഷൻ എന്ന ലക്ഷ്യത്തിലേക്കെത്താൻ ഈ വർഷം ഏറ്റവും കളക്ഷൻ നേടിയ തെലുങ്കു ചിത്രമായ പവൻ കല്യാണിൻ്റെ ഒജിക്ക് പോലും കഴിഞ്ഞില്ല. 293.76 കോടിയാണ് ഒജിയുടെ ഫൈനൽ കളക്ഷൻ.

തെലുഗു സൂപ്പർസ്റ്റാർ നന്ദമൂരി ബാലകൃഷ്ണയുടെ അഖണ്ഡ 2 വും ലോകയ്ക്കൊപ്പമെത്തുന്നതിൽ പരാജയപ്പെട്ടു. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തിയ ലോക, ബോക്സോഫീസിൽ 300 കോടി കളക്ഷനോടെ ഇൻഡസ്ട്രി ഹിറ്റായി മാറിയിരുന്നു.കേരളത്തിൽ നിന്ന് മാത്രം 121 കോടിയാണ് ചിത്രം കളക്റ്റ് ചെയ്തതത്.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമിച്ച ചിത്രം കോവിഡിനു ശേഷം ഒന്നിലധികം സ്ക്രീനുകളിൽ 100 ദിവസം പിന്നിടുന്ന ചിത്രമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. ഒക്ടോബർ 31ന് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഒടിടിയിലും ഗംഭീര പ്രതികരണവും സ്വീകരണവുമാണ് ലഭിച്ചത്. കേരളത്തിൻ്റെ ചരിത്രത്തിൻ്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

SCROLL FOR NEXT