MOVIES

Vijay GOAT| ബജറ്റ് 375 കോടി; ആദ്യ ദിന കളക്ഷന്‍ 126.32 കോടി; ഗോട്ടില്‍ വിജയ്‌യുടെ പ്രതിഫലം എത്ര ?

തമിഴിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിങ്ങും വിജയ് ചിത്രം നേടിക്കഴിഞ്ഞു

Author : ന്യൂസ് ഡെസ്ക്


ഇന്ത്യയില്‍ ഏറ്റവുമധികം താരമൂല്യമുള്ള അഭിനേതാക്കളില്‍ ബോളിവുഡ് താരങ്ങള്‍ക്കൊപ്പമോ അതിന് മുകളിലോ ആണ് തമിഴ് നടന്‍ വിജയ്‌യുടെ സ്ഥാനം. ഓരോ വിജയ് സിനിമ റിലീസാകുമ്പോഴും മൊത്തം ഇന്‍ഡസ്ട്രിയുടെ മാര്‍ക്കറ്റ് റേഞ്ചാണ് മാറിമറിയുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്ത വിജയ് ചിത്രം ഗോട്ട് റിലീസ് ആയപ്പോഴും ഈ സ്ഥിതി വീണ്ടും ആവര്‍ത്തിക്കുകയാണ് ചെയ്തത്. വലിയ മുതല്‍മുടക്കിലുള്ള ഈ സിനിമകളെല്ലാം ചെയ്യാന്‍ നിര്‍മാതാക്കള്‍ തയാറാകുന്നത് മുടക്കുമുതലിനേക്കാള്‍ കൂടുതല്‍ വരുമാനം ഉറപ്പായും ലഭിക്കുമെന്ന മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. കേരളത്തില്‍ മാത്രം എഴുന്നൂറിലധികം സ്ക്രീനുകളിലായി നാലായിരത്തിലധികം ഷോകള്‍ ആദ്യ ദിനം നടന്നെന്നാണ് വിതരണക്കാരായ ഗോകുലം മൂവീസ് പറയുന്നത്.

വിജയ് ഇരട്ട വേഷങ്ങളിലെത്തുന്ന ചിത്രത്തിന്‍റെ ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള ആദ്യ ദിന കളക്ഷന്‍ 126.32 കോടിയാണെന്ന് നിര്‍മാതാക്കളായ എജിഎസ് എന്‍റര്‍ടൈന്‍മെന്‍റ്സ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. തമിഴിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിങ്ങും വിജയ് ചിത്രം നേടിക്കഴിഞ്ഞു. ആദ്യ ദിവസത്തെ പ്രദര്‍ശനത്തിന് ശേഷം സമ്മിശ്ര പ്രതികരണമാണ് ഗോട്ടിന് ലഭിച്ചത്. പതിവ് പാറ്റേണിലുള്ള കഥയില്‍ പുതിയ പരീക്ഷണങ്ങള്‍ വെങ്കട് പ്രഭു നടത്തിയെങ്കിലും വര്‍ക്കൗട്ട് ആയോ എന്ന കാര്യത്തില്‍ ആരാധകര്‍ക്കിടയില്‍ പോലും രണ്ട് അഭിപ്രായമുണ്ട്. വിജയ് സിനിമകളുടെ ഹൈലൈറ്റ് ആയ തീപിടിപ്പിക്കുന്ന ബിജിഎമ്മിന്‍റെ അഭാവം സിനിമയില്‍ ഉടനീളം പ്രകടമായിരുന്നു. യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ പാട്ടുകളും വേണ്ടത്ര രസിച്ചില്ല. ചില സര്‍പ്രൈസ് കാമിയോ എന്‍ട്രികളും സിനിമയില്‍ വെങ്കട് പ്രഭു ഒരുക്കിവെച്ചിട്ടുണ്ട്.

വിജയ്ക്ക് പുറമെ, പ്രഭുദേവ, പ്രശാന്ത്,സ്നേഹ, ലൈല, മീനാക്ഷി ചൗധരി ,ജയറാം എന്നിവര്‍ പ്രധാന റോളുകളിലെത്തിയ സിനിമയുടെ നിര്‍മാണ ചെലവ് 375 കോടിയാണെന്ന് നിര്‍മാതാവ് അര്‍ച്ചന കല്‍പ്പാത്തി വെളിപ്പെടുത്തിയിരുന്നു. വിജയ്‌യുടെ മാത്രം പ്രതിഫലം 200 കോടിയാണെന്നും അര്‍ച്ചന പറഞ്ഞിരുന്നു. ബിഗില്‍ ചെയ്യുമ്പോള്‍ ഉണ്ടായിരുന്നതിലും കൂടുതല്‍ മാര്‍ക്കറ്റ് വാല്യൂ വിജയ്ക്ക് ഇന്ന് ഉണ്ടെന്നും അര്‍ച്ചന പറഞ്ഞു.

സിനിമ ജീവിതം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രങ്ങള്‍ എന്ന നിലയിലും ഗോട്ടിന്‍റെ ഓവര്‍സീസ്, സാറ്റലൈറ്റ്, ഡിജിറ്റല്‍ പ്രീമിയര്‍ വിതരണാവകാശങ്ങള്‍ റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയായിരിക്കും വിജയ്‌യുടെ അവസാന ചിത്രം. തമിഴക വെട്രി കഴകം പാര്‍ട്ടി രൂപീകരിച്ച വിജയ് അടുത്തിടെ പാര്‍ട്ടിയുടെ കൊടി പുറത്തിറക്കിയിരുന്നു.

SCROLL FOR NEXT