MOVIES

മലയാള സിനിമയിൽ റീ റിലീസുകളുടെ കാലം; 4K ദൃശ്യമികവോടെ

പ്രേക്ഷകര്‍ വീണ്ടും തിയേറ്ററില്‍ കാണാന്‍ കൊതിക്കുന്ന പത്തോളം മലയാള സിനിമകള്‍ രണ്ടാം വരവിനായി അണിയറയില്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്

Author : അരുണ്‍ കൃഷ്ണ

ചില സിനിമകള്‍ അങ്ങനെയാണ്.. പഴകും തോറും വീഞ്ഞിന് വീര്യം കൂടുമെന്ന് പറയുംപോലെ വര്‍ഷം എത്ര കഴിഞ്ഞാലും ആദ്യമായി കാണുന്ന അതേ അനുഭവം പ്രേക്ഷകന് അവ സമ്മാനിക്കും. തമിഴിലും തെലുങ്കിലുമൊക്കെ തരംഗമായി മാറിയ റീ-റിലീസ് എന്ന ട്രെന്‍ഡ് മലയാള സിനിമയിലേക്കും പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് അണിയറക്കാര്‍.1995-ല്‍ മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ ഒരുക്കിയ സ്ഫടികം 4K ദൃശ്യമികവോടെ റീ മാസ്റ്റര്‍ ചെയ്ത് കഴിഞ്ഞ വര്‍ഷം വീണ്ടും റിലീസ് ചെയ്തിരുന്നു.അക്കാലത്ത് സിനിമ തിയേറ്ററില്‍ കാണാന്‍ സാധിക്കാതെ പോയവരും പുതിയ രൂപത്തില്‍ സിനിമ ആസ്വദിക്കാന്‍ ആഗ്രഹിച്ചിരുന്നവരും 'ആടുതോമ'യെ കാണാന്‍ തിയേറ്ററുകളിലേക്ക് കൂട്ടമായെത്തി. റീ റിലീസ് ചെയ്ത ഒരു മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന കളക്ഷനും സ്ഫടികം സ്വന്തമാക്കി.2004-ല്‍ ധരണിയുടെ സംവിധാനത്തിലെത്തിയ വിജയ് ചിത്രം ഗില്ലിയാണ് ഏറ്റവും ഒടുവിലായി റി റീലീസ് ചെയ്ത ചിത്രം.സിനിമയ്ക്ക് തമിഴ്നാട്ടിലും കേരളത്തിലുമടക്കം ലഭിച്ച വന്‍ സ്വീകാര്യതയാണ് റീ-റിലീസ് എന്ന ആശയത്തിലേക്ക് നിര്‍മ്മാതാക്കളയെും വിതരണക്കാരെയും നയിച്ചത്. പ്രേക്ഷകര്‍ വീണ്ടും തിയേറ്ററില്‍ കാണാന്‍ കൊതിക്കുന്ന പത്തോളം മലയാള സിനിമകള്‍ രണ്ടാം വരവിനായി അണിയറയില്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്.ഒരു വടക്കന്‍ വീരഗാഥ, ദേവദൂതന്‍, മണിച്ചിത്രത്താഴ്, ദേവാസുരം, ആറാം തമ്പുരാന്‍ തുടങ്ങിയ സിനിമകളാണ് പുതിയ കാലത്തിന്‍റെ പ്രൗഢിയോടെ വെള്ളിത്തിരയിലേക്ക് എത്തുന്നത്.

എസ്.ക്യൂബ് ഫിലിംസാണ് മലയാള സിനിമയിലെ ഇതിഹാസമായ ‘ഒരു വടക്കൻ വീരഗാഥ’ 35 വർഷത്തിനുശേഷം വീണ്ടും പ്രേക്ഷകരിലേക്കെത്തിക്കുന്നത്. വടക്കന്‍പാട്ടിലെ ചേകവരുടെ കഥപറഞ്ഞ എം.ടി-ഹരിഹരന്‍ കൂട്ടുകെട്ടില്‍ പിറന്ന ഈ പിരിയോഡിക് ഡ്രാമയിലൂടെ മമ്മൂട്ടിയുടെ കരിയറിലെ ഐക്കോണിക് കഥാപാത്രമായ ചന്തുവിനെയും പ്രേക്ഷകന് ലഭിച്ചു.സിനിമ വീണ്ടും സ്ക്രീനിലേക്ക് എത്തിക്കാനുള്ള പ്രാഥമികജോലികൾ പൂർത്തിയായി. റിലീസ് ചെയ്ത് 31 വർഷമായിട്ടും പുതുമ നഷ്ടപ്പെടാത്ത ഫാസില്‍-മധു മുട്ടം ടീമിന്‍റെ ‘മണിച്ചിത്രത്താഴ്’ പുതിയ സാങ്കേതികവിദ്യകളുപയോഗിച്ചുള്ള റീമാസ്റ്ററിങ് ജോലികൾ പൂർത്തിയാക്കി ഫസ്റ്റ്‌ കോപ്പിയായിട്ടുണ്ട്. ജൂലായ് 12-ലോ ഓഗസ്റ്റ് 17-നോ ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.ചിത്രത്തിന്റെ ഓവർസീസ് അവകാശത്തിനായി ചില വലിയ കമ്പനികളുമായി ചർച്ചകൾ നടക്കുന്നെന്നാണ് വിവരം. മാറ്റിനിനൗവും സംവിധായകൻ ഫാസിലും നിർമാതാവ് സ്വർഗചിത്ര അപ്പച്ചനും ചേർന്നാണ് ‘മണിച്ചിത്രത്താഴ്’ വീണ്ടും പുറത്തിറക്കുക. ‘കാലാപാനി’, ‘വല്യേട്ടൻ’, ‘ദേവാസുരം’, ‘ആറാംതമ്പുരാൻ’ ‘1921’ തുടങ്ങിയ ചിത്രങ്ങളുടെ റീമാസ്റ്ററിങ് ചെയ്യുന്നതും കൊല്ലം ആസ്ഥാനമായ മാറ്റിനി നൗ ആണ്. മോഹൻലാൽ നായകനായി 2000-ൽ പുറത്തിറങ്ങിയ സിബി മലയില്‍ ചിത്രം ‘ദേവദൂതൻ’ വീണ്ടും റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ഫോർ കെ എഡിറ്റിങ്ങും ഡി.ഐ. ജോലികളും കഴിഞ്ഞു. ചിത്രം മൂന്ന് മാസത്തിനുള്ളിൽ തിയേറ്ററുകളിലെത്തിക്കനാണ് നിര്‍മാതാവ് സിയാദ് കോക്കറിന്‍റെ പദ്ധതി.രഞ്ജിത് ഒരുക്കിയ മമ്മൂട്ടി ചിത്രം ‘പാലേരിമാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ 15 വര്‍ഷത്തിന് ശേഷം റീ റിലീസ് ചെയ്യാനുള്ള പ്രാഥമികജോലികളിലാണ് നിർമാതാവ് മഹാസുബൈർ. ‘കിരീടം’ വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നതിനുള്ള ആലോചനയുണ്ടെന്ന് നിർമാതാവ് കിരീടം ഉണ്ണിയും പറയുന്നു 

SCROLL FOR NEXT