MOVIES

പാക് താരത്തിൻ്റെ സിനിമ ഇന്ത്യയിൽ പ്രദർശിപ്പിക്കില്ല; 'അബിർ ഗുലാൽ' സിനിമയുടെ റിലീസ് തടഞ്ഞു

ഫവാദ് ഖാന്റെ ബോളിവുഡ് തിരിച്ചുവരവ് ചിത്രമായ അബിര്‍ ഗുലാലിന്റെ ടീസര്‍ പുറത്തിറങ്ങിയത് മുതല്‍ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാക് താരം ഫവാദ് ഖാൻ്റെ അബിർ ഗുലാൽ എന്ന സിനിമ ഇന്ത്യയിൽ പ്രദർശിപ്പിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. മെയ് 9നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനിരിക്കുന്നത്.



അബിര്‍ ഗുലാല്‍ ഇന്ത്യയില്‍ നിരോധിക്കണമെന്ന ആവശ്യം വൻതോതിൽ സമൂഹമാധ്യമത്തില്‍ ഉയർന്നിരുന്നു. 'അബിര്‍ ഗുലാല്‍ ഇന്ത്യന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യരുത്. ചെയ്താല്‍ അത് നിരോധിക്കണം', എന്നാണ് ഒരു സോഷ്യല്‍ മീഡിയ യൂസര്‍ എക്‌സില്‍ കുറിച്ചത്. 'ഇന്ത്യന്‍ സിനിമ ഇപ്പോഴും പാക് താരങ്ങളെ പിന്തുണയ്ക്കുകയാണോ? അബിര്‍ ഗുലാല്‍ പോലുള്ള ചിത്രങ്ങള്‍ ഇന്ത്യയില്‍ പാക് താരങ്ങളെ വെച്ച് നിര്‍മിക്കാന്‍ നമ്മള്‍ ഇപ്പോഴും അനുവദിക്കുന്നത് എങ്ങനെയാണ്', എന്നാണ് മറ്റൊരാളും അഭിപ്രായപ്പെട്ടു. 


ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) എല്ലാ പാകിസ്ഥാൻ കലാകാരന്മാർക്കും പൂർണ വിലക്ക് പ്രഖ്യാപിച്ചിരുന്നു. കൂടാതെ അബിർ ഗുലാൽ' ഇന്ത്യയിൽ റിലീസ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞിരുന്നു.



അബിർ ഗുലാൽ' നിർമ്മാതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്നും എഫ്‌ഡബ്ല്യുഐസിഇ പ്രസിഡൻ്റ് ബി. എൻ. തിവാരി അറിയിച്ചു. ഗാനങ്ങളോ മറ്റ് ദൃശ്യങ്ങളോ രാജ്യത്ത് എവിടെയും പ്രദർശിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  എല്ലാ പ്ലാറ്റ്‌ഫോമുകളേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇനി മുതൽ, പാകിസ്ഥാൻ കലാകാരന്മാരുമായി ഒരു തരത്തിലും സഹകരിക്കരുതെന്ന് അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

SCROLL FOR NEXT