MOVIES

സെൻസർ ബോർഡിന്‍റെ നിര്‍ദേശത്തിന് വഴങ്ങി കങ്കണ; 'എമർജൻസി'യിലെ വിവാദ ഭാഗങ്ങൾ ഒഴിവാക്കും

സിനിമയുടെ സഹനിർമാതാക്കളായ സീ എന്റർടൈൻമെന്റ് എന്റർപ്രൈസ് സെൻസർ സർട്ടിഫിക്കറ്റ് റിലീസുമായി ബന്ധപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഇക്കാര്യം സെൻസർ ബോർഡ് ഹൈക്കോടതിയെ അറിയിച്ചത്.

Author : ന്യൂസ് ഡെസ്ക്

പുതിയ ചിത്രം എമർജൻസിയുടെ ചില ഭാഗങ്ങൾ ഒഴിവാക്കണമെന്ന സെൻസർ ബോർഡിന്‍റെ നിർദേശം അംഗീകരിച്ച് നടിയും ചിത്രത്തിന്‍റെ സംവിധായികയുമായ കങ്കണ റണാവത്ത്.  സെൻസർ ബോർഡാണ് ഇക്കാര്യം ബോംബെ ഹൈക്കോടതിയെ അറിയിച്ചത്. സിനിമയുടെ സഹനിർമാതാക്കളായ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റിലീസുമായി ബന്ധപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു സെൻസർ ബോർഡ് ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്.


സിനിമയില്‍ ഏതാനും ഭാഗങ്ങള്‍ മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ട കാര്യം കങ്കണ റണാവത്ത് തങ്ങളെ അറിയിച്ചതായി സീ എന്റര്‍ടൈന്‍മെന്റ് അഭിഭാഷകന്‍ ശരണ്‍ ജഗ്തിയാനി ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം തങ്ങള്‍ അംഗീകരിച്ചതായും കങ്കണ സെന്‍സര്‍ ബോര്‍ഡുമായി സംസാരിക്കുകയും ചെയ്തിരുന്നുവെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. റിപോർട്ടുകൾ പ്രകാരം, 13 കട്ടുകളാണ് സെൻസർ ബോർഡ് ചിത്രത്തിൽ നിർദേശിച്ചത്.


കങ്കണ റണാവത്ത് സംവിധാനം ചെയ്ത്, പ്രധാന വേഷത്തിലെത്തുന്ന എമര്‍ജന്‍സി, 1975 മുതല്‍ 1977 വരെയുള്ള 21 മാസം രാജ്യത്ത് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതത്തിലേക്ക് കടന്നുചെല്ലുന്ന ബയോപിക് പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ കങ്കണ തന്നെയാണ് ഇന്ദിരാ ഗാന്ധിയായി പ്രത്യക്ഷപ്പെടുന്നത്. ട്രെയിലര്‍ പുറത്തു വന്നതിനു പിന്നാലെ തങ്ങളുടെ സമുദായത്തെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന കാണിച്ച് സിഖ് സംഘടനകള്‍ രംഗത്ത് വരികയായിരുന്നു.


സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുവെന്ന പരാതിയില്‍ വിവിധ സംഘടനകള്‍ കോടതിയെ സമീപിച്ചതോടെ സെപ്റ്റംബര്‍ ആറിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ പ്രദര്‍ശനാനുമതി അനിശ്ചിതത്വത്തിലാവുകയായിരുന്നു. തുടര്‍ന്നാണ് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്.

SCROLL FOR NEXT