പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് നിർമ്മാതാവ് സാന്ദ്ര തോമസ് സമര്‍പ്പിച്ച പത്രിക തള്ളി. സാന്ദ്ര സമർപ്പിച്ച മൂന്ന് സെൻസർ സർട്ടിഫിക്കറ്റുകളിൽ ഒന്ന് പരിഗണിക്കാനാവില്ലെന്നായിരുന്നു വരണാധികാരിയുടെ നിലപാട്. വരണാധികാരി നിലവിലെ ഭാരവാഹികൾക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നും പത്രിക തള്ളിയതിന് പിന്നിൽ ഗൂഡാലോചന നടന്നതായും സാന്ദ്ര തോമസ് പ്രതികരിച്ചു. പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
എക്സ്ക്യൂട്ടീവ് കമ്മറ്റിയിലേക്ക് ഒഴികെയുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ കുറഞ്ഞത് മൂന്ന് സിനിമകളെങ്കിലും നിർമിച്ചതിൻ്റെ സെൻസർ സർട്ടിഫിക്കറ്റുകൾ പത്രികയോടൊപ്പം സമർപ്പിക്കണം. സാന്ദ്ര തോമസ് പ്രൊഡക്ഷൻ ഹൗസിൻ്റെ പേരിലുള്ള 2 സർട്ടിഫിക്കറ്റും ഫ്രൈഡെ ഫിലിംസിൻ്റെ പേരിലുള്ള ഒരു സെൻസർ സർട്ടിഫിക്കറ്റുമാണ് സാന്ദ്ര തോമസ് സമർപ്പിച്ചത്. എന്നാൽ ഫ്രൈഡെ ഫിലിംസുമായി സാന്ദ്രക്ക് നിലവിൽ ബന്ധമില്ലെന്ന് ചൂണ്ടികാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്. മറ്റാരെങ്കിലും ആക്ഷേപം ഉന്നയിക്കുന്നതിന് മുമ്പ് വരണാധികാരി ഈ പ്രശ്നം ചൂണ്ടി കാണിച്ചതിനെ സാന്ദ്ര ചോദ്യം ചെയ്തു.
മത്സരാർത്ഥിയുടെ പേരിലുള്ള 3 സെൻസർ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന് മാത്രമാണ് നിയമാവലിയുള്ളതെന്നും തൻ്റെ പത്രിക തള്ളാൻ വരണാധികാരി നിലവിലെ ഭാരവാഹികൾക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നും സാന്ദ്ര തോമസ് ആരോപിച്ചു. ഇതിനിടെ സാന്ദ്രയുടെ ആരോപണത്തിനെതിരെ നിർമാതാക്കളായ സുരേഷ് കുമാറും സിയാദ് കോക്കറും രംഗത്തെത്തിയത് തർക്കം രൂക്ഷമാക്കി.
തനിക്കെതിരെ മത്സരിച്ചാൽ പരാജയപ്പെടുമെന്ന ഭീതിയാണ് ബി രാഗേഷിനുള്ളതെന്ന് സാന്ദ്ര ആരോപിച്ചു. പത്രിക തളളിയതിനെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിക്കും. എന്നാല്‍ ഒരു സിനിമ നിര്‍മ്മിച്ചാല്‍ മാത്രം മത്സരിക്കാവുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സാന്ദ്രയ്ക്ക് മത്സരിക്കാനാകും.