അമൽ നീരദ് സംവിധാനം ചെയ്ത് പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബോഗെയ്ൻവില്ല. ചിത്രത്തിലെ ടൈറ്റിൽ സോങ്ങായ ' സ്തുതി ' എന്ന ഗാനം ഇരും കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ രണ്ടാമത്തെ ഗാനമായ ' മറവികളെ ' പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ആയിരിക്കുന്നത്.
'മറവികളേ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മധുവന്തി നാരായണൻ ആണ്. സുഷിൻ ശ്യാമാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിഷാദാത്മകമായ ഈണത്തിലാണ് പാട്ട്. ഗാനത്തിൽ ജ്യോതിർമയിയെ ഒരു ചിത്രകാരിയായാണ് കാണിക്കുന്നത്. റഫീഖ് അഹമ്മദാണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.
അതേസമയം, ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ജോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമൽ നീരദും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്‌ചേഴ്‌സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ചിത്രം ഒക്ടോബർ 17 ന് റിലീസ് ചെയ്യും.