കൊച്ചി: ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് രചിച്ച് സംവിധാനം ചെയ്യുന്ന 'ആട് 3'യുടെ ട്രെയ്‌ലർ പുറത്ത്. ഒരു പഴയ രാജഭരണ കാലത്തെ കഥാപാത്രങ്ങളുടെ വേഷത്തിലാണ് ട്രെയ്‌ലറിലും കഥാപാത്രങ്ങളെത്തിയിരിക്കുന്നത്. നേരത്തെ പോസ്റ്ററുകളിലും ഇത്തരത്തിലാണ് ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചിരgന്നത്. ഒരു എപിക്-ഫാന്റസി ചിത്രമായാകും 'ആട് 3' എന്ന് നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. ഇതിനോട് ചേർന്ന് നിൽക്കുന്നതാണ് സിനിമയുടെ ട്രെയ്‌ലറും. പുറത്തിറക്കി രണ്ട് മണിക്കുറിനകം തന്നെ മൂവീസ് ട്രെൻഡിങ് ചാർട്ടിൽ മൂന്നാമതെത്തിയിട്ടുണ്ട് 'ആട് 3'യുടെ ട്രെയ്‌ലർ.
ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ 23ാമത്തെ ചിത്രമാണ് 'ആട് 3'. നേരത്തെ ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് തീയതിയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. 2026 മാര്‍ച്ച് 19ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക. 'ആട് ഒരു ഭീകര ജീവിയാണ്', 'ആട് 2' എന്നീ ചിത്രങ്ങളുടെ തുടർച്ചയായാണ് 'ആട് 3' എത്തുന്നത്. ഫാന്റസി ഹ്യൂമർ ഴോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വൻ താരനിരയുടെ അകമ്പടിയോടെ, വലിയ മുതൽമുടക്കിലാണ് എത്തുന്നത്. 50 കോടി രൂപയോളം മുതൽമുടക്കിലാണ് ചിത്രം എത്തുന്നതെന്നാണ് നിർമാതാവ് വിജയ് ബാബു പറഞ്ഞത്.
പാലക്കാട് ജില്ലയിലെ മലമ്പുഴ, വാളയാർ, ചിറ്റൂർ, തിരുച്ചെന്തൂർ, ഇടുക്കി, തൊടുപുഴ, വാഗമൺ, ഗോപിച്ചെട്ടിപ്പാളയം തുടങ്ങിയ വ്യത്യസ്തമായ ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ജയസൂര്യ, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, ധർമജൻ ബൊൾഗാട്ടി, സുധി കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സൃന്ദ, ഹരികൃഷ്ണൻ, വിനീത് മോഹൻ,എന്നിവരാണ് പ്രധാന താരങ്ങൾ. ഇവർക്കൊപ്പം ഏതാനും വിദേശ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു.
സംഗീതം - ഷാൻ റഹ്മാൻ, ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിങ്- ലിജോ പോൾ, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ - സ്റ്റെഫി സേവ്യർ, സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ, പബ്ലിസിറ്റി ഡിസൈൻ - കൊളിൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തല ക്കോട്, സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ.