MOVIES

വീണ്ടും പേടിപ്പിക്കാൻ മഞ്ജുലിക; ഭൂൽ ഭുലയ്യ 3 യുടെ ട്രെയ്‌ലർ റീലിസായി

ടി-സീരീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ റിലീസായത്.

Author : ന്യൂസ് ഡെസ്ക്

ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗം എത്തുന്നു. ഭൂൽ ഭുലയ്യ 3 യുടെ ട്രെയ്‌ലർ റീലിസായി. ടി-സീരീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ റിലീസായത്. മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. മോഹൻലാലും, ശോഭനയും, സുരേഷ് ഗോപിയുമെല്ലാം തകർത്തഭിനയിച്ച ഈ ചിത്രം പല ഭാഷകളിലേക്കും റീമയ്ക് ചെയ്തിരുന്നു. ഭൂൽ ഭുലയ്യ എന്ന പേരിലാണ് ഹിന്ദിയിൽ മണിച്ചിത്രത്താഴിന്റെ റീമയ്ക് വന്നത്.


2022 ൽ ഭൂൽ ഭുലയ്യയുടെ രണ്ടാം ഭാഗം ഇറക്കിയിരുന്നു. കാർത്തിക് ആര്യനായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗവും എത്തിയിരിക്കുകയാണ്. എന്നാൽ, ഈ ഭാഗത്തിൽ കാർത്തിക് ആര്യനോടൊപ്പം ആദ്യ ഭാഗത്തിൽ നിന്നും വിദ്യ ബാലനും എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ രണ്ട് ഭാഗങ്ങളിലെയും പോലെ കോമഡി ഹൊറർ ആയിരിക്കും ഭൂൽ ഭുലയ്യ 3 എന്നാണ് ട്രെയിലറിൽ നിന്ന് മനസിലാകുന്നത്.


മാധുരി ദീക്ഷിത്, തൃപ്തി ഡിമ്രി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. സഞ്ജയ് മിശ്ര, രാജ്പാൽ യാദവ്, അശ്വിനി കൽസേക്കർ, വിജയ് റാസ്, മനീഷ് വാധ്വ, രാജേഷ് ശർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ചിത്രം ഈ വർഷം ദീപാവലിക്ക് തിയേറ്ററുകളിൽ എത്തും. ടി-സീരീസ് ഫിലിംസും സിനി1 സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തനിഷ്‌ക് ബാഗ്‌ചി, സച്ചേത്-പറമ്പാറ, അമാൽ മല്ലിക് തുടങ്ങിയവരാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സമീർ, രശ്മി വിരാഗ്, ആദിത്യ റിഖാരി, ധ്രുവ് യോഗി, സോം എന്നിവരാണ് ഗാനം രചിച്ചിരിക്കുന്നത്.

SCROLL FOR NEXT