മലയാള സിനിമയിലെ സ്ത്രീ സാനിധ്യത്തെ കുറിച്ചുള്ള വിമര്‍ശനങ്ങളിലും ചര്‍ച്ചകളിലും പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. ഭരദ്വാജ് രങ്കന് ഗലാട്ട പ്ലസില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ പ്രതികരണം.
'ഒരു കഥ പറയുമ്പോള്‍ ഫീമെയില്‍ ഓറിയന്റഡ് എന്ന ടേം ഉപയോഗിക്കാന്‍ പാടില്ലെന്ന് ഞാന്‍ പലപ്പോഴും കേട്ടിട്ടുണ്ട്. ഒരുപാട് പുതിയ സംവിധായകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്, ഞാന്‍ ആണ് സിനിമയിലെ പ്രധാന കഥാപാത്രം പക്ഷെ ഇത് പിച്ച് ചെയ്യുമ്പോള്‍ ഫീമെയില്‍ ഓറിയന്റഡ് ആണെന്ന് പറയുന്നില്ലെന്ന്. ഞാന്‍ അത്തരം കാര്യങ്ങളിലൊന്നും ഇടപെടാറില്ല. അവരുടെ ബുദ്ധിമുട്ടിലൂടെ ഞാന്‍ കടന്ന് പോകുന്നില്ലല്ലോ. മാര്‍ക്കറ്റിലെ എന്ത് കാര്യമാണ് ഇവരെ കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാന്‍ ചിൽ ആണ്. കാരണം ഞാന്‍ ഇത്തരം സിനിമകളുടെ ഭാഗമാകുന്നുണ്ട്.' , പാര്‍വതി പറഞ്ഞു.
അഭിമുഖത്തില്‍ ഭരദ്വാജ് രങ്കന്‍ മലയാള സിനിമയില്‍ ഈ വര്‍ഷം സ്ത്രീ സാനിധ്യം കുറവായിരുന്നു എന്ന തരത്തില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ കുറിച്ചും പാര്‍വതിയോട് ചോദിച്ചു. മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം എന്നീ സിനിമകളുടെ വിജയത്തിന് പിന്നാലെയായിരുന്നു ഇത്തരമൊരു വിമര്‍ശനം ഉയര്‍ന്ന് വന്നത്. അതിന് പാര്‍വതി കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു : 'ഇതെല്ലാം പുരുഷന്‍മാരുടെ കഥകളാണ്. അതില്‍ സ്ത്രീകളെ നിര്‍ബന്ധപൂര്‍വം കുത്തിനിറയ്ക്കാന്‍ ആവില്ല. അതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.'
'നിങ്ങള്‍ ഈ ചോദ്യം കൃത്യമായ സ്ഥലത്താണോ ചോദിക്കുന്നത്? ഇതെന്നോട് ചോദിക്കേണ്ട ചോദ്യമല്ല. ഞാന്‍ ഒരു നിര്‍മാതാവോ വിതരണക്കാരനോ അല്ല. ഞാന്‍ അഭിനേതാവാണ്. ഞാന്‍ സംവിധായികയാകുമ്പോള്‍ ഞാനും നിര്‍മാതാക്കള്‍ കൊണ്ടുവന്ന സംവിധായികയാവും. ഇത്തരം സിനിമകള്‍ നിര്‍മിക്കുമ്പോള്‍ സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ നല്ല കാര്യം. പക്ഷെ സ്ത്രീകള്‍ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമകള്‍ മനപൂര്‍വം ഇല്ലാതാക്കാനുള്ള ശ്രമം ഉണ്ടാകരുത്. അതാണ് എന്റെ കണ്‍സേൺ " എന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
ഉള്ളൊഴുക്കാണ് പാര്‍വതിയുടേതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. ചിത്രം ജൂണ്‍ 21ന് തിയേറ്ററിലെത്തും. ചിത്രത്തില്‍ ഉര്‍വശിയും കേന്ദ്ര കഥാപാത്രമാണ്. ക്രിസ്റ്റോ ടോമിയാണ് ഉള്ളൊഴുക്കിന്റെ സംവിധായകന്‍. ഏറെ ശ്രദ്ധ നേടിയ 'കറി ആന്‍ഡ് സയനൈഡ്' എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സംവിധാനം ചെയ്തതും ക്രിസ്റ്റോയാണ്. ക്രിസ്റ്റോയുടെ ആദ്യ ഫീച്ചര്‍ സിനിമ കൂടിയാണ് ഉള്ളൊഴുക്ക്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.