Source: X
MOVIES

'പരാശക്തിക്കെതിരെ മനഃപൂർവം മോശം റിവ്യൂകൾ പറയുകയും റേറ്റിംഗ് കുറയ്ക്കുകയും ചെയ്യുന്നു'; വിജയ് ആരാധകർക്കെതിരെ ദേവ് രാംനാഥ്

മോശം റിവ്യൂ നൽകുന്ന ഉപയോക്താക്കളുടെ സ്‌ക്രീൻഷോട്ടുകളും അദ്ദേഹം പങ്കിട്ടു

Author : വിന്നി പ്രകാശ്

വിജയ്‌യുടെ ജന നായകൻ ആദ്യം ജനുവരി 9 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നുവെങ്കിലും മദ്രാസ് ഹൈക്കോടതി ജനുവരി 21 ലേക്ക് കേസ് മാറ്റിവച്ചിരിക്കുന്നതിനാൽ പൊങ്കൽ അവധിക്ക് ശേഷമേ ചിത്രത്തിൻ്റെ റിലീസ് നടക്കുകയുള്ളൂ എന്ന സ്ഥിതിയാണുള്ളത്.

സെൻസർ ബോർഡിൻ്റെ അനുമതി ലഭിച്ചതിനെത്തുടർന്ന് ജനുവരി 10 ന് പൊങ്കലിന് തൊട്ടുമുമ്പ് ശിവകാർത്തികേയൻ്റെ പരാശക്തി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വിജയ് നായകനായ ജന നായകൻ്റെ റിലീസ് അനിശ്ചിതമായി നീളുന്നതിനിടെയാണ് ശിവകാർത്തികേയൻ ചിത്രം തീയറ്ററുകളിലെത്തിയിരിക്കുന്നത്. ഇപ്പോൾ, നടനും ചിത്രത്തിൻ്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറുമായ ദേവ് രാംനാഥ്, ദളപതി വിജയ് ആരാധകരിൽ നിന്നും ചിത്രത്തിന് ലഭിക്കുന്ന നെഗറ്റീവ് റിവ്യൂകളെ കുറിച്ചുള്ള പ്രതികരണവുമായെത്തിയിരിക്കുകയാണ്.

കാലഹരണപ്പെട്ട വീഡിയോകൾ ഉപയോഗിച്ച് ചില ഉപയോക്താക്കൾ നെഗറ്റീവ് കാര്യങ്ങൾ പ്രചരിപ്പിക്കുകയും, തിയറ്ററുകളിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഉയർത്തുകയും, ബുക്ക് മൈ ഷോ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ സിനിമയുടെ റേറ്റിംഗ് മനഃപൂർവ്വം കുറയ്ക്കുകയും ചെയ്യുന്നതായി ദേവ് രാംനാഥ് സോഷ്യൽ മീഡിയയിലെ പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചു. മോശം റിവ്യൂ നൽകുന്ന ഉപയോക്താക്കളുടെ സ്‌ക്രീൻഷോട്ടുകളും അദ്ദേഹം പങ്കിട്ടു.

'നിങ്ങളുടെ സിനിമയ്‌ക്കൊപ്പം റിലീസ് ചെയ്യുന്നതുകൊണ്ട് മാത്രം ഞങ്ങളുടെ സിനിമ അട്ടിമറിക്കാൻ നിങ്ങൾക്ക് അവകാശമില്ല. ഞങ്ങൾ ആദ്യം റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നു. നിങ്ങളുടെ സിനിമ തടയാൻ ഞങ്ങൾ ശ്രമിച്ചോ? ഒരിക്കലുമില്ല'എന്നും പോസ്റ്റിൽ പറയുന്നു. ഞാൻ എല്ലാ ദിവസവും ചെന്നൈയിലും മുംബൈയിലും സിബിഎഫ്‌സി ഓഫീസിൽ സിനമയുടെ റിലീസിനുള്ള തടസ്സങ്ങൾ നീക്കാൻ പോയിരുന്നു. നിങ്ങളുടെ ടീം കൈകാര്യം ചെയ്തതുപോലെ തന്നെയാണ് ഞങ്ങളും സെൻസർ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്തത്. റിലീസിന് 18 മണിക്കൂറിന് മുമ്പെയാണ് ഞങ്ങൾക്ക് അനുമതി ലഭിച്ചത്.

ഒരു സിനിമാപ്രേമി എന്ന നിലയിൽ, ഇത് നമ്മളിൽ ആർക്കും ആരോഗ്യകരമല്ല. കഴിഞ്ഞ വർഷം മറ്റൊരു വലിയ സിനിമയോടും നിങ്ങൾ ഇതാണ് ചെയ്തതെന്നും പോസ്റ്റിലൂടെ രാനാംഥ് പോസ്റ്റിലൂടെ രൂക്ഷമായി വിമർശിച്ചു.

വെള്ളിയാഴ്ച സെൻസർ ബോർഡിൻ്റെ അനുമതി ലഭിച്ച ശേഷം പരാശക്തിയുടെ റിലീസ് ജനുവരി 10ലേക്ക് മാറ്റിയതായി പ്രൊഡക്ഷൻ ഹൗസായ ഡോൺ പിക്‌ചേഴ്‌സ് എക്സ് പോസ്റ്റിലൂടെ ഔദ്യോഗികമായി പുറത്തു വിട്ടിരുന്നു. ജനുവരി 14 നാണ് ചിത്രം ആദ്യം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. പിന്നീട് ഉത്സവ സീസണിലെ തിയറ്റർ സാധ്യതകൾ കണക്കിലെടുത്ത് തിയറ്റർ പങ്കാളികളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് റിലീസ് തീയതി നേരത്തെ ആക്കിയതെന്നും പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

അതേസമയം, ജന നായകന് യുഎ സർട്ടിഫിക്കറ്റ് നൽകണമെന്ന് സെൻസർ ബോർഡിനോട് ഉത്തരവിട്ട സിംഗിൾ ജഡ്ജി ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു . പൊങ്കൽ അവധിക്ക് ശേഷം കേസിൽ വിധി പറയാനുള്ള തീരുമാനം ജനുവരി 21 ലേക്ക് മാറ്റി.വിജയ് മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പുള്ള അവസാന ചിത്രമാണ് ജന നായകൻ . ജനുവരി 9 ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

SCROLL FOR NEXT