കമൽ ഹാസൻ (ഇടത്) കർണാടക ഹൈക്കോടതി (വലത്) X/ Sreedhar Pillai, karnataka high court
MOVIES

'തഗ് ലൈഫി'ന് കർണാടകയിൽ വിലക്ക്: ഹൈക്കോടതിയെ സമീപിച്ച് കമൽ ഹാസൻ

കർണാടക ഫിലിം ചേംബറിൻ്റെ നടപടി നിയമവിരുദ്ധമാണെന്ന് കമലിൻ്റെ നിർമാണ കമ്പനി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Author : ന്യൂസ് ഡെസ്ക്

ഭാഷാ വിവാദത്തിന് പിന്നാലെ പുതിയ ചിത്രം 'തഗ് ലൈഫി'ന് കർണാടകയിൽ വിലക്കേർപ്പെടുത്തിയതിനെതിരെ നിയമനടപടിയുമായി കമൽ ഹാസൻ. സിനിമയ്ക്ക് വിലക്കേർപ്പെടുത്തിയ കർണാടക ഫിലിം ചേംബറിൻ്റെ നടപടിയെ ചോദ്യം ചെയ്താണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്. കർണാടക ഫിലിം ചേംബറിൻ്റെ നടപടി നിയമവിരുദ്ധമാണെന്ന് കമലിൻ്റെ നിർമാണ കമ്പനി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

നടന്‍ കമല്‍ ഹാസന്‍ അടുത്തിടെ നടത്തിയ കന്നഡ ഭാഷാ പരാമര്‍ശം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടക ഫിലിം ചേംബര്‍ നടൻ്റെ പുതിയ ചിത്രമായ 'തഗ് ലൈഫ്' സംസ്ഥാനത്ത് നിരോധിച്ചത്. "കന്നഡ ഭാഷ തമിഴില്‍ നിന്നും ഉണ്ടായതാണ്" എന്ന കമലിൻ്റെ പരാമര്‍ശമാണ് വിവാദമായത്. ഇതിനിടെ ബെംഗളൂരുവില്‍ കമല്‍ ഹാസൻ്റെ ഫോട്ടോ കത്തിച്ചുള്ള പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു.

വിവാദ പരാമര്‍ശത്തിന് ശേഷം കമല്‍ ഹാസനോട് കര്‍ണാടക ഫിലിം ചേംബര്‍ മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമല്‍ ഹാസന്‍ മാപ്പ് പറയില്ലെന്ന് പറഞ്ഞതോടെ ചിത്രം കര്‍ണാടകയില്‍ വിലക്കുകയായിരുന്നു. കമല്‍ ഹാസന്‍ പരസ്യമായി മാപ്പ് പറയും വരെ വിലക്ക് തുടരുമെന്നും ചേംബര്‍ വ്യക്തമാക്കി.

"ഇതൊരു ജനാധിപത്യ രാജ്യമാണ്. ഞാന്‍ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നു. കര്‍ണാടക, ആന്ധ്ര, കേരളം എന്നീ സംസ്ഥാനങ്ങളോട് എനിക്കുള്ള സ്നേഹം സത്യമാണ്. ഏതെങ്കിലും പ്രത്യേക അജണ്ടയുള്ളവരല്ലാത്ത ആരും ആ സ്നേഹത്തെ തെറ്റിദ്ധരിക്കില്ല. ഇതിന് മുന്‍പും എന്നെ ആളുകള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പറഞ്ഞത് തെറ്റാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും മാപ്പ് പറയും, അല്ലെങ്കില്‍ പറയില്ല", എന്നായിരുന്നു കമല്‍ ഹാസന്‍ പ്രതികരണം.

ജൂണ്‍ അഞ്ചിനാണ് മണിരത്നം സംവിധാനം ചെയ്ത 'തഗ് ലൈഫ്' തിയേറ്ററിലെത്തുന്നത്. 'നായകന്' ശേഷം മണിരത്നവും കമല്‍ ഹാസനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. സിലമ്പരശന്‍, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്‌കമല്‍ ഫിലിംസ് ഇൻ്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയൻ്റ് മൂവീസ്, ആര്‍. മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

SCROLL FOR NEXT