മാധവ് ഗാഡ്ഗില്‍, രചന നാരായണന്‍കുട്ടി 
MOVIES

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു: രചന നാരായണന്‍കുട്ടി

ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്

Author : ന്യൂസ് ഡെസ്ക്

മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടിനെ കുറിച്ച് കേരളം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് നടി രചന നാരായണന്‍കുട്ടി. വയനാട് ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് താരം ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

'പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ശ്രീ മാധവ് ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്ന ഒരു സുപ്രധാന രേഖയാണ്. വളരെ വിപുലമായ ഗവേഷണത്തിലും വിദഗ്ധാഭിപ്രായത്തിലും അധിഷ്ഠിതമായ റിപ്പോര്‍ട്ട്, ഈ ജൈവവൈവിധ്യ Hotspot സംരക്ഷിക്കുന്നതിനുള്ള സുസ്ഥിര വികസന പ്രവര്‍ത്തനങ്ങളുടെ അടിയന്തിര ആവശ്യകത എടുത്തുകാണിക്കുന്ന ഒന്നാണ്. അത്തരം നിര്‍ണായക ഉള്‍ക്കാഴ്ചകളും ശുപാര്‍ശകളും അവഗണിക്കുന്നത്, പ്രത്യേകിച്ച് വിദഗ്ധര്‍ അവ സൂക്ഷ്മമായി സമര്‍പ്പിച്ചതിന് ശേഷം, ഹ്രസ്വദൃഷ്ടി മാത്രമല്ല, പരിസ്ഥിതിക്കും പ്രാദേശിക സമൂഹങ്ങള്‍ക്കും അപകടകരമാണ്. ഈ മുന്നറിയിപ്പുകള്‍ നാം ശ്രദ്ധിക്കേണ്ടതും ഭാവി തലമുറയ്ക്കായി പശ്ചിമഘട്ടത്തെ സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ നടപ്പിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്',
രചന നാരായണന്‍കുട്ടി കുറിച്ചു.

അതേസമയം ദുരന്തത്തില്‍ ഇതുവരെ 284 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്കയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ അല്‍പ്പസമയത്തിനകം വയനാട്ടില്‍ എത്തിച്ചേരും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉച്ചയോടെ സ്ഥലത്തെത്തുമെന്നാണ് വിവരം.

കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന്, വയനാട് ജില്ലയില്‍ മാത്രം 82 ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചത്. ഇതില്‍ എട്ട് എണ്ണം ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ചതാണ്. ഈ ക്യാമ്പുകളില്‍ 3022 പുരുഷന്‍മാരും 3398 സ്ത്രീകളും 1884 കുട്ടികളും 23 ഗര്‍ഭിണികളും ഉള്‍പ്പെടെ 8304 പേരാണ് കഴിയുന്നത്.





SCROLL FOR NEXT