ടോം ക്രൂസ് 
MOVIES

"ജീവിതം സാഹസികമാക്കി"; 30 വര്‍ഷത്തെ മിഷന്‍ ഇംപോസിബിള്‍ യാത്രയെ ഓര്‍ത്ത് ടോം ക്രൂസ്

ഇത് 'മിഷന്‍ ഇംപോസിബിള്‍' ഫ്രാഞ്ചൈസിനോടുള്ള താരത്തിന്റെ യാത്ര പറച്ചിലാണോ എന്നും ആരാധകര്‍ സംശയിക്കുന്നുണ്ട്.

Author : ന്യൂസ് ഡെസ്ക്

30 വര്‍ഷത്തെ തന്റെ 'മിഷന്‍ ഇംപോസിബിള്‍' യാത്രയുടെ ഓര്‍മകള്‍ പങ്കുവെച്ച് ഹോളിവുഡ് താരം ടോം ക്രൂസ്. 'മിഷന്‍ ഇംപോസിബിളിന്റെ' എട്ടാം ഭാഗം അടുത്തിടെയാണ് റിലീസ് ചെയ്തത്. സമൂഹമാധ്യമത്തിലൂടെയാണ് ടോം ക്രൂസ് നിര്‍മാതാവ് കൂടിയായുള്ള തന്റെ സിനിമാ യാത്രയുടെ ഓര്‍മകള്‍ പങ്കുവെച്ചത്.

"30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മിഷന്‍ ഇംപോസിബിള്‍ നിര്‍മിച്ചുകൊണ്ട് ഞാന്‍ യാത്ര ആരംഭിച്ചു. അതിന് ശേഷം ഈ എട്ട് സിനിമകളും എന്നെ ജീവിതത്തില്‍ സാഹസികതയിലേക്ക് കൊണ്ടു പോയി. ഈ കഥകള്‍ക്ക് ജീവന്‍ പകരാന്‍ സഹായിച്ച ലോകമെമ്പാടുമുള്ള അവിശ്വസനീയമായ സംവിധായകര്‍, അഭിനേതാക്കള്‍, കലാകാരന്മാര്‍ എന്നിവരോട് ഞാന്‍ നന്ദി പറയുന്നു. നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനായത് ഒരു ഭാഗ്യമാണ്. ഏറ്റവും പ്രധാനമായി ഈ സിനിമകള്‍ സൃഷ്ടിക്കുന്നതില്‍ സന്തോഷം തന്ന പ്രേക്ഷകര്‍ക്ക് ഞാന്‍ നന്ദി പറയുന്നു", ടോം ക്രൂസ് കുറിച്ചു. ഇത് 'മിഷന്‍ ഇംപോസിബിള്‍' ഫ്രാഞ്ചൈസിനോടുള്ള താരത്തിന്റെ യാത്ര പറച്ചിലാണോ എന്നും ആരാധകര്‍ സംശയിക്കുന്നുണ്ട്.

കുറിപ്പിനൊപ്പം ടോം ക്രൂസ് സിനിമകളുടെ പഴയ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. 'മിഷന്‍ ഇംപോസിബിള്‍' സിനിമകളില്‍ സാഹസികമായ സ്റ്റണ്ട് സീനുകള്‍ ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഈഥന്‍ ഹണ്ടിന്റെ സാഹസിക യാത്രയ്ക്ക് അവസാനമായോ എന്ന വിഷമത്തിലാണ് ടോം ക്രൂസ് ആരാധകര്‍ ഇപ്പോള്‍. നിരവധി പേര്‍ താരത്തോട് ഒരു മിഷന്‍ കൂടി ചെയ്യാന്‍ സമൂഹമാധ്യമത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ക്രിസ്റ്റഫര്‍ മക്വയര്‍ ആണ് 'മിഷന്‍ ഇംപോസിബിള്‍ ദ ഫൈനല്‍ റെക്കനിംഗിന്റെ' സംവിധായകന്‍. ക്രിസ്റ്റഫര്‍ മക്വയറും ട്രോം ക്രൂസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇത് മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ അവസാനത്തെ ചിത്രമാണെന്ന സൂചനയും ഉണ്ട്. ടോം ക്രൂസിനെ കൂടാതെ ഹെയ്ലി ആട്വെല്‍, വിന്‍ റെംസ്, സൈമണ്‍ പെഗ്, വനേസ കിര്‍ബി, ഹെന്റി സേര്‍ണി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ എട്ടാമത്തെ ചിത്രം കൂടിയാണിത്. മെയ് 23നാണ് ചിത്രം ആഗോള പ്രേക്ഷകരിലേക്ക് എത്തിയത്. എന്നാല്‍ ഇന്ത്യയില്‍ ചിത്രം മെയ് 17ന് തന്നെ റിലീസ് ചെയ്തിരുന്നു.

അതേസമയം 1996ലാണ് മിഷന്‍ ഇംപോസിബിളിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. പിന്നീട് ഏഴ് ഭാഗങ്ങളായി ചിത്രങ്ങള്‍ പുറത്തിറങ്ങി. ടോം ക്രൂസിന്റെ സാഹസിക ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തെ ആരാധകര്‍ക്കിടയില്‍ പ്രശസ്തമാക്കിയത്.

SCROLL FOR NEXT