മലയാളി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍. ടൊവിനോ തോമസും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ടൊവിനോയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ എമ്പുരാന്‍ ടീം പുറത്തുവിട്ടു. ജതിന്‍ രാംദാസ് എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. അധികാരം ഒരു മിഥ്യയാണ് എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
'എമ്പുരാനില്‍ ഞാന്‍ മുഖ്യമന്ത്രി ആണല്ലോ. സിനിമ എന്ന ടോട്ടലിറ്റില്‍ കാണാന്‍ കാത്തിരിക്കുകയാണ്. ഞാന്‍ കുറെ സ്വീക്വന്‍സുകള്‍ കണ്ടു. ഭയങ്കര അടിപൊളിയാണ്. എക്‌സൈറ്റഡാണ് ഞാന്‍. അത് മൊത്തം സിനിമയായി കാണണം. പറ്റിയാല്‍ അന്നത്തെ പോലെ എനിക്ക് രാജുവേട്ടനും ലാലേട്ടനും ഒക്കെയായി ഒരു തിയറ്ററില്‍ സിനിമ കാണാനായാല്‍ ഗംഭീരമാകും', എന്നാണ് ടൊവിനോ അടുത്തിടെ സിനിമയെ കുറിച്ച് പറഞ്ഞത്.
മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം മാര്‍ച്ച് 27നാണ് തിയേറ്ററിലെത്തുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയായാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ എത്തിയത്. എമ്പുരാനിലേക്ക് എത്തുമ്പോള്‍ ഖുറേഷി അബ്രഹാം എന്ന അവതാരമായി മോഹന്‍ലാല്‍ സ്‌ക്രീനിലെത്തും. നേരത്തെ ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായെന്ന് നേരത്തെ പൃഥ്വിരാജ് അറിയിച്ചിരുന്നു. ചിത്രത്തിന്റെ ടീസറും ഉടനെ പുറത്തുവിടുമെന്ന സൂചനയും പൃഥ്വിരാജ് അടുത്തിടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്നിരുന്നു.