MOVIES

ജതിന്‍ രാംദാസ് മുഖ്യമന്ത്രിയോ? എമ്പുരാന്‍ അപ്‌ഡേറ്റ്

ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായിരുന്നു ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാംദാസ്

Author : ന്യൂസ് ഡെസ്ക്


2019ല്‍ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റര്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ നിലവില്‍ അതിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ്. മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ഈ പ്രൊജക്ടിനായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായിരുന്നു ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാംദാസ്. എല്‍ 2വിലേക്ക് വരുമ്പോഴും പ്രേക്ഷകര്‍ കാത്തിരിക്കുകയാണ് ജതിന്‍ രാംദാസിനായി. ഇപ്പോഴിതാ ടൊവിനോയുടെ വേഷത്തെ കുറിച്ച് പുതിയൊരു അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

ലൂസിഫറില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് പികെ രാംദാസിന്റെ മകന്‍ ജതിന്‍ രാംദാസിന്റെ വേഷമാണ് താരം അവതരിപ്പിച്ചത്. പിതാവിന്റെ മരണശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ജതിന്‍ പിതാവിന്റെ പാത തന്നെ പിന്‍തുടരുകയാണ് ചിത്രത്തില്‍. ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം ടൊവിനോ തോമസിന്റെ ജതിന്‍ രാംദാസ് എമ്പുരാനില്‍ കേരളത്തിന്റെ യുവ മുഖ്യമന്ത്രിയുടെ കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിന്റെ തിരുവനന്തപുരം ലൊക്കേഷനില്‍ നിന്നുള്ള സ്റ്റില്‍സ് ഇക്കാര്യം സ്ഥിരീകരിച്ചുവെന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹൈദരാബാദിലെ ചിത്രീകരണത്തിന് ശേഷം തിരുവനന്തപുരത്ത് ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. ആദ്യ ഭാഗമായ ലൂസിഫറില്‍ കണ്ട താരങ്ങള്‍ക്കൊപ്പം ചില പുതിയ കഥാപാത്രങ്ങളും എമ്പുരാനില്‍ ഉണ്ടാകും. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് മുരളി ഗോപിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. ദീപക് ദേവ് തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്.


SCROLL FOR NEXT