റോക്കിങ് സ്റ്റാർ യഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ കർണാടകയിൽ എക്കാലത്തെയും ഏറ്റവും വലിയ തിയേറ്റർ റിലീസിനാണ് ഒരുങ്ങുന്നത്. സംസ്ഥാനത്തെ ബോക്സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് ലക്ഷ്യമിടുന്ന ചിത്രം, റെക്കോർഡ് എണ്ണം സ്ക്രീനുകളിലും ഷോകളിലുമായാണ് പ്രദർശനത്തിനെത്തുക. ബെംഗളൂരുവിൽ മാത്രം ആദ്യദിവസം തന്നെ റെക്കോർഡ് എണ്ണം ഷോകൾ ക്രമീകരിച്ചുകൊണ്ട് തിയേറ്റർ പ്രദർശനത്തിൽ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് അണിയറ പ്രവർത്തകർ. അതിരാവിലെ ഷോകളും പ്രത്യേക പ്രദർശനങ്ങളും ഉൾപ്പെടുത്തി ആദ്യദിനം തന്നെ സംസ്ഥാനമൊട്ടാകെയുള്ള പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്.
കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കർണാടകയിലെ വിതരണവും ഈ രണ്ട് നിർമാണ കമ്പനികൾ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്.
ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായിട്ടാണ് ഒരേസമയം ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണനും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ 2026 ഓഗസ്റ്റ് 26ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.