ഇന്ത്യന്‍ 2 
MOVIES

കമല്‍ഹാസന്‍റെ ഇന്ത്യന്‍ 2ന് കത്രിക വെച്ച് സെന്‍സര്‍ ബോര്‍ഡ്; 'കൈക്കൂലി ചന്ത, ഡേര്‍ട്ടി ഇന്ത്യന്‍' അടക്കം ഏഴ് വാക്കുകള്‍ മാറ്റണം

മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് U/A സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കമല്‍ ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രം ഇന്ത്യന്‍ 2-ന്‍റെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് U/A സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. സിനിമയില്‍ ഇംഗ്ലീഷ്, തമിഴ് ഭാഷകളില്‍ ഉപയോഗിച്ചിരിക്കുന്ന ഏഴ് വാക്കുകള്‍ മാറ്റണമെന്ന് നിര്‍മാതാക്കള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം നല്‍കി. കൈക്കൂലി ചന്ത (Bribe Market), ഡേര്‍ട്ടി ഇന്ത്യന്‍ അടക്കമുള്ള വാക്കുകള്‍ മാറ്റണമെന്നാണ് നിര്‍‌ദേശം.

ശരീരം പുറത്തുകാണുന്ന രംഗം ബ്ലര്‍ ചെയ്യണമെന്നും പുകവലി മുന്നറിയിപ്പിന്‍റെ വലുപ്പം കൂട്ടണമെന്നും നിര്‍ദേശമുണ്ട്. സിനിമയുടെ മാറ്റങ്ങള്‍ വരുത്തിയ പതിപ്പ് തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി ജൂലൈ 12-ന് തീയേറ്ററുകളിലെത്തും. 1996-ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ ഒന്നാം ഭാഗത്തിന് സമാനമായി മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമാണ് രണ്ടാം ഭാഗത്തിനും. അഴിമതിക്കെതിരെ പോരാടുന്ന വീരശേഖര സേനാപതിയെന്ന പഴയ സാതന്ത്ര്യസമര സേനാനിയുടെ വേഷത്തിലാണ് കമല്‍ഹസന്‍ എത്തുന്നത്.

രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ സേനാപതിയുടെ പോരാട്ടം തമിഴ്നാട്ടില്‍ മാത്രം ഒതുങ്ങില്ലെന്നും ഇന്ത്യയൊട്ടാകെ സിനിമ സഞ്ചരിക്കുന്നുണ്ടെന്നും സംവിധായകന്‍ ശങ്കര്‍ പറഞ്ഞു. എ.ആര്‍ റഹ്മാന്‍ ഈണമിട്ട ആദ്യ ഭാഗത്തിലെ ഗാനങ്ങള്‍ ഇന്നും ഹിറ്റാണ്. അനിരുദ്ധാണ് ഇന്ത്യന്‍ 2-ന് സംഗീതം ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ത്ഥ്, രാകുല്‍ പ്രീത് സിംഗ്, കാജല്‍ അഗര്‍വാള്‍, വിവേക്, ബോബി സിംഹ, നെടുമുടി വേണു, പ്രിയാ ഭവാനി ശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. രവി വര്‍മ്മന്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ലൈക പ്രൊഡക്ഷന്‍സും റെഡ് ജയിന്‍റുമാണ് നിര്‍മാതാക്കള്‍.

SCROLL FOR NEXT