MOVIES

"ശാരീരിക ആക്രമണം ഉണ്ടായിട്ടില്ല, അനാവശ്യ നേട്ടങ്ങള്‍ക്കായി അയാള്‍ ഭീഷണിപ്പെടുത്തുന്നു"; ആരോപണങ്ങള്‍ തള്ളി ഉണ്ണി മുകുന്ദന്‍

"ഈ വ്യക്തി പറയുന്ന ഓരോ വാക്കും തീര്‍ത്തും നുണയാണ്. എല്ലാ ആരോപണങ്ങളും ഞാന്‍ നിഷേധിക്കുന്നു"; ഉണ്ണി മുകുന്ദന്‍

Author : ന്യൂസ് ഡെസ്ക്


പ്രൊഫഷണല്‍ മാനേജറെ മര്‍ദിച്ച കേസില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ ഈ വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ചത്. താന്‍ വിപിനെ ശാരീരികമായി ആക്രമിച്ചിട്ടില്ലെന്നും അയാള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും വ്യാജമാണെന്നും ഉണ്ണി മുകുന്ദന്‍ കുറിച്ചു.

"2018-ല്‍ ഞാന്‍ ആദ്യമായി സിനിമ നിര്‍മ്മിക്കാന്‍ പോകുമ്പോഴാണ് വിപിന്‍ കുമാര്‍ എന്നെ ബന്ധപ്പെടുന്നത്. സിനിമാ മേഖലയിലെ നിരവധി പ്രശസ്തരായ സെലിബ്രിറ്റികളുടെ പിആര്‍ഒ ആണെന്ന് പറഞ്ഞാണ് അദ്ദേഹം പരിചയപ്പെട്ടത്. അദ്ദേഹത്തെ ഒരിക്കലും എന്റെ പേഴ്സണല്‍ മാനേജരായി ഞാന്‍ ഔദ്യോഗികമായി നിയമിച്ചിട്ടില്ല. അടുത്തിടെ പുറത്തിറങ്ങിയ മാര്‍ക്കോയുടെ ഷൂട്ടിംഗിനിടെയാണ് വിപിനുമായുള്ള എന്റെ ആദ്യ പ്രശ്നം ഉണ്ടാകുന്നത്. സെബാന്റെ ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റിന്റെ ജീവനക്കാരനുമായി അദ്ദേഹം ഒരു പ്രശ്‌നമുണ്ടാക്കി. അതിനെ കുറിച്ച് അവര്‍ പരസ്യമായി സംസാരിച്ചു. അത് സിനിമയെ മോശമായി ബാധിച്ചു. സിനിമയുടെ മുഴുവന്‍ ക്രെഡിറ്റും ഞാന്‍ ഏറ്റെടുക്കാത്തതില്‍ വിപിന്‍ ഞാനുമായി പ്രശ്‌നമുണ്ടാക്കി. പക്ഷെ അത് എന്റെ എത്തിക്‌സിന് ചേരുന്നതായിരുന്നില്ല", ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

"കൂടാതെ, എന്റെ ജോലിയെ മോശമായി ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ഈ വ്യക്തി കാരണം സംഭവിക്കുന്നുണ്ടെന്ന് എന്റെ ശ്രദ്ധയില്‍പ്പെട്ടു. വിപിനെ കുറിച്ച് എനിക്ക് പ്രശസ്ത സംവിധായകരില്‍ നിന്ന് പരാതികള്‍ ലഭിക്കാന്‍ തുടങ്ങി. ഒരു സഹപ്രവര്‍ത്തകന്‍, സുഹൃത്ത് എന്ന നിലയില്‍ എനിക്ക് ഒരിക്കലും ക്ഷമിക്കാനാവാത്ത ഒരു കാര്യം അയാളില്‍ നിന്നും ഉണ്ടായി. എന്തായാലും, അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോള്‍, അദ്ദേഹം എന്റെ എല്ലാ ആശങ്കകളും അവഗണിച്ചു. സിനിമാ മേഖലയിലെ എന്റെ ചില സുഹൃത്തുക്കളുടെ പിന്തുണയുണ്ടെന്ന്് അദ്ദേഹം അവകാശപ്പെട്ടു. പിന്നീട് എന്റെയും വിഷ്ണു ഉണ്ണിത്താന്റെയും (മനോരമ ഓണ്‍ലൈനിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഇത് സ്ഥിരീകരിച്ച ഒരു സുഹൃത്ത്) മുന്നില്‍ ചെയ്ത എല്ലാ തെറ്റുകള്‍ക്കും അദ്ദേഹം മാപ്പ് പറഞ്ഞു. എന്റെ എല്ലാ ഡിജിറ്റല്‍ ഡാറ്റയും അദ്ദേഹത്തിന് ലഭ്യമായിരുന്നതിനാല്‍, ഞാന്‍ അദ്ദേഹത്തോട് രേഖാമൂലം മാപ്പ് പറയാന്‍ നടത്താന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അത് ചെയ്തില്ല. പകരം എന്നെ കുറിച്ച് ന്യൂസ് സൈറ്റുകളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന തികച്ചും തെറ്റും വ്യാജവുമായ ആരോപണങ്ങള്‍ ഞാന്‍ കാണാന്‍ ഇടയായി", നടന്‍ വ്യക്തമാക്കി.

"അദ്ദേഹം അവകാശപ്പെടുന്നതുപോലെ ഒരിക്കലും ഒരു ശാരീരിക ആക്രമണം ഉണ്ടായിട്ടില്ല. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും വ്യാജവും അസത്യവുമാണ്. മുഴുവന്‍ സ്ഥലവും സിസിടിവി സ്‌കാനിംഗിന് വിധേയമാണ്. ഏതെങ്കിലും നിഗമനത്തിലെത്തുന്നതിനു മുമ്പ് ദയവായി അത് പരിശോധിക്കുക. ഞാന്‍ 5 വര്‍ഷമായി വളരെ തിരക്കിലാണെന്നും എന്റെ ജോലി കുറയ്ക്കുമെന്നും ഈ വ്യക്തി ആളുകളോട് പറയുന്നുണ്ടെന്നും ഞാന്‍ മനസിലാക്കി. അദ്ദേഹം എന്നെക്കുറിച്ച് മനുഷ്യത്വരഹിതമായ കിംവദന്തികള്‍ പ്രചരിപ്പിച്ചു. ഒരു നടിയെ ബന്ധപ്പെടുകയും എന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു, ഇത് ഞാനും അയാളും തമ്മില്‍ വലിയ വഴക്കിന് കാരണമായി. സമൂഹത്തില്‍ എന്റെ പ്രശസ്തിയെ അപകീര്‍ത്തിപ്പെടുത്താന്‍ തന്റെ കയ്യിലുള്ള വിവരങ്ങള്‍ ഉപയോഗിക്കുമെന്ന് അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. എന്റെ സഹപ്രവര്‍ത്തകരുമായി എനിക്ക് എപ്പോഴും ഒരു പ്രൊഫഷണല്‍ ബന്ധം ഉണ്ടായിരുന്നു, പക്ഷേ ഈ വ്യക്തി തീര്‍ത്തും വിഷമാണ്", ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

"ഈ വ്യക്തി പറയുന്ന ഓരോ വാക്കും തീര്‍ത്തും നുണയാണ്. എല്ലാ ആരോപണങ്ങളും ഞാന്‍ നിഷേധിക്കുന്നു. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി അയാള്‍ എന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. എന്റെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ സന്തുഷ്ടരല്ലാത്ത ചിലര്‍ ഇയാളെ എന്റെ കരിയര്‍ നശിപ്പിക്കാന്‍ സഹായിക്കുന്നുണ്ടെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. കഠിനാധ്വാനത്തിലൂടെയാണ് ഞാന്‍ ഈ കരിയര്‍ കെട്ടിപ്പെടുത്തത്. ഞാന്‍ ചിലപ്പോള്‍ ഇരയാക്കലിനും പീഡനത്തിനും വിധേയനായേക്കാം. എന്നാലും ഞാന്‍ സത്യത്തില്‍ വിശ്വസിക്കുന്നു", എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT