MOVIES

ഉണ്ണി മുകുന്ദന്‍ ആളാകെ മാറി ! വയലന്‍റ് ലുക്കില്‍ 'മാര്‍ക്കോ' ഫസ്റ്റ് ലുക്ക് പോസ്റ്റര്

ക്യൂബ്സ് എൻ്റർടൈന്‍മെന്‍റിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം

Author : അരുണ്‍ കൃഷ്ണ

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം മാര്‍ക്കോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നിവിന്‍ പോളി നായകനായെത്തിയ മിഖായേലിലെ വില്ലനായ മാര്‍ക്കോയെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ക്യൂബ്സ് എൻ്റർടൈന്‍മെന്‍റിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ രവി ബസ്‍റൂര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം.

രക്തം പുരണ്ട കത്തിയും കടിച്ച് നില്‍ക്കുന്ന രൗദ്രഭാവത്തിലുള്ള ഉണ്ണിമുകുന്ദനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനാവുക. സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, യുക്തി തരേജ, ദിനേശ് പ്രഭാകർ, മാത്യു വർഗീസ്, അജിത് കോശി നടൻ ഷമ്മി തിലകൻ്റെ മകൻ അഭിമന്യു തിലകൻ, ഇഷാൻ ഷൗക്കത്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട ഭാഷകളിലും ചിത്രമെത്തും. മൂന്നാറിലെ ഷെഡ്യൂൾ പൂർത്തിയായതോടെ സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

ശശികുമാര്‍, സൂരി എന്നിവര്‍ക്കൊപ്പം ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം ഗരുഡനാണ് ഉണ്ണിയുടെ ഒടുവിലായി തീയേറ്ററിലെത്തിയ ചിത്രം. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ജയ് ഗണേഷ് തീയേറ്റര്‍ റിലീസിന് പിന്നാലെ ഒടിടിയില്‍ മികച്ച പ്രതികരണം നേടിയിരുന്നു.

SCROLL FOR NEXT