2024ല്‍ മലയാളി പ്രേക്ഷകരെ വയലന്‍സിലൂടെ ഞെട്ടിച്ച സിനിമയായിരുന്നു ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ 'മാര്‍ക്കോ'. ഡിസംബറില്‍ റിലീസ് ചെയ്ത ചിത്രം കേരളത്തില്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായിരുന്നു. ബോക്‌സ് ഓഫീസില്‍ വന്‍ വിജയവും ചിത്രം നേടി. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ അടുത്തിടെ ഉണ്ണി മുകുന്ദന്‍ 'മാര്‍ക്കോ 2' ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. സിനിമയ്ക്ക് ചുറ്റും വലിയ നെഗറ്റിവിറ്റിയാണ് ഉള്ളതെന്നും അതിലും മികച്ചതും വലിയതുമായ സിനിമയിലൂടെ തിരിച്ചെത്തുമെന്നും ആയിരുന്നു ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ 'മാര്‍ക്കേ 2' പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്നാണ് നിര്‍മാതാക്കളായ ക്യൂബ്‌സ് എന്റര്‍ട്ടെയിന്‍മെന്റ് പറയുന്നത്. സമൂഹമാധ്യമത്തില്‍ ഒരു ആരാധകന്റെ കമന്റിന് മറുപടി നല്‍കുകയായിരുന്നു നിര്‍മാതാക്കള്‍.
"മാര്‍ക്കോ 2 ഇറക്കി വിട് ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്. പറ്റൂല്ലെങ്കി റൈറ്റ്സ് വാങ്ങിച്ച് വേറെ പ്രൊഡക്ഷന്‍ ടീമിനെ വെച്ചുചെയ്യൂ. നല്ല പടമാണ് മാര്‍ക്കോ. അതിന്റെ രണ്ടാംഭാഗം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാവും", എന്നായിരുന്നു ആരാധകന്റെ കമന്റ്.
"മാര്‍ക്കോയ്ക്ക് നിങ്ങള്‍ നല്‍കിയ അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. മാര്‍ക്കോ സീരീസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിനാണ് മാര്‍ക്കോയുടെ പൂര്‍ണ്ണ അവകാശം. മാര്‍ക്കോയുടെ യാത്രയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. ഈ ഫ്രാഞ്ചൈസിയുടെ അവകാശങ്ങള്‍ കൈമാറ്റം ചെയ്യാനോ പങ്കുവെക്കാനോ ഞങ്ങള്‍ തയ്യാറല്ല" , എന്നാണ് അതിന് നിര്‍മാതാക്കള്‍ മറുപടി കൊടുത്തത്.
ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദാണ് 'മാര്‍ക്കോ' നിര്‍മിച്ചത്. മലയാള സിനിമ ഇതുവരെ കാണാത്ത വയലന്‍സ് രംഗങ്ങളും മാസ് ആക്ഷന്‍ രംഗങ്ങളുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഇതിന് വലിയ സ്വീകാര്യത ലഭിച്ചെങ്കിലും വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. ഹനീഫ് അദേനിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.