ഉണ്ണി ആർ Source : Instagram
MOVIES

"The Alchemist of Dialogues"; കാട്ടാളനില്‍ ജോയിന്‍ ചെയ്ത് ഉണ്ണി ആര്‍

ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ പോള്‍ ജോര്‍ജാണ്.

Author : ന്യൂസ് ഡെസ്ക്

ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'കാട്ടാളനില്‍' ജോയിന്‍ ചെയ്ത് ഉണ്ണി ആര്‍. ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിക്കുന്നത് ഉണ്ണി ആറാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ക്യൂബ്‌സ് എന്റര്‍ട്ടെയിന്‍മെന്റ്‌സ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 'ഡയലോഗുകളുടെ ആല്‍ക്കമിസ്റ്റ്' എന്നാണ് നിര്‍മാതാക്കള്‍ ഉണ്ണി ആറിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

"കേരള സംസ്ഥാന അവാര്‍ഡ് ജേതാവായ തിരക്കഥാകൃത്തും രചയിതാവുമാണ് ഉണ്ണി ആര്‍. ആകര്‍ഷകമായ ആഖ്യാനങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളും സൃഷ്ടിക്കുന്നതില്‍ പ്രശസ്തനാണ്. ബിഗ് ബി (2007), ചാര്‍ലി (2015) തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഉണ്ണി ആര്‍, വ്യവസായത്തിലുടനീളം നിരൂപക പ്രശംസ നേടിയിട്ടുണ്ട്. ശക്തമായ സംഭാഷണങ്ങള്‍ നല്‍കുന്നതില്‍ പ്രശസ്തനായ ഉണ്ണി ആര്‍, സ്‌ക്രീനിനും അപ്പുറത്തേക്കും പ്രതിധ്വനിക്കുന്ന കഥകള്‍ക്ക് രൂപം നല്‍കിക്കൊണ്ട് ഇന്ത്യന്‍ സിനിമയിലെ ഒരു പ്രേരകശക്തിയായി തുടരുന്നു", എന്ന കുറിപ്പോടെയാണ് നിര്‍മാതാക്കള്‍ പോസ്റ്റ് പങ്കുവെച്ചത്.

നവാഗതനായ പോള്‍ ജോര്‍ജാണ് ഹൈ - ഓക്ടേന്‍ പാന്‍ ഇന്ത്യന്‍ അക്ഷന്‍ ത്രില്ലറായ 'കാട്ടാളന്‍' സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ ഹിറ്റായി മാറിയ 'മാര്‍ക്കോ' എന്ന ചിത്രത്തിന് ശേഷം ക്യുബ്സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക.

'പുഷ്പ' ഫ്രാഞ്ചൈസിലൂടെ പ്രശസ്തനായ തെലുങ്ക് താരം സുനില്‍, റാപ്പര്‍ ബേബി ജീന്‍, മാര്‍ക്കോ ഫെയിം കബീര്‍ ദുഹാന്‍ സിംഗ്, ജഗദീഷ്, സിദ്ദീഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. 'കാട്ടാളന്റെ' സംഗീതം ഒരുക്കുന്നത് 'കാന്താര 2' ഫെയിം അജനീഷ് ലോക്നാഥാണ്. കോറീയാഗ്രഫി - ഷരീഫ്, കോസ്റ്റ്യും ഡിസൈന്‍ - ധന്യ ബാലക്യഷ്ണന്‍, സിനിമറ്റോഗ്രാഫി - രണദേവ്, എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ് എന്നിവര്‍ നിര്‍വഹിക്കുന്നു.

ചിത്രത്തില്‍ ആക്ഷനൊരുക്കാന്‍ എത്തുന്നത് ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെ ആണെന്നാണ് സൂചന. കെച്ച കെംബഡികെയെ നേരില്‍ കണ്ട് സംസാരിക്കുന്ന വീഡിയോ 'കാട്ടാളന്‍' ടീം പുറത്തുവിട്ടിരുന്നു. 'ഓങ്-ബാക്ക് 2', 'ബാഹുബലി-2: കണ്‍ക്ലൂഷന്‍', 'ജവാന്‍', 'ബാഗി 2', 'പൊന്നിയന്‍ സെല്‍വന്‍ പാര്‍ട്ട് 1' തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ കെച്ച കെംബഡികെയുടെ മലയാളത്തിലെ അരങ്ങേറ്റം 'കാട്ടാളനി'ലൂടെയാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ സിനിമാ പ്രേക്ഷകര്‍.

SCROLL FOR NEXT