സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സീക്വൽ ആയിരുന്നു ഇന്ത്യൻ 2 ന്റേത്. എന്നാൽ ബോക്സ്ഓഫീസിൽ ചിത്രം വൻ പരാജയമായി മാറിയിരുന്നു. അതിന് ശേഷം ചിത്രത്തിന്റെ സംവിധായകനായ ശങ്കറിന് ലഭിച്ച വിമർശങ്ങൾക്കും ട്രോളുകൾക്കും കൈയും കണക്കുമില്ലായിരുന്നു. ചിത്രത്തിന്റെ ചില രംഗങ്ങളും ട്രോളുകൾക്ക് ഇരയായിരുന്നു. ഇന്ത്യൻ 2 ഇറങ്ങി ആറുമാസത്തിനുള്ളിൽ ഇന്ത്യൻ 3 ഇറക്കുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ 2 വമ്പൻ പരാജയമായതോടെ അതിനെ കുറിച്ചുള്ള വാർത്തകൾ പിന്നീട് വന്നില്ല.
ഇപ്പോഴിതാ, ഇന്ത്യൻ 3 റിലീസ് ഒടിടിയിലൂടെ ആയിരിക്കും എന്നാണ് വരുന്ന റിപോർട്ടുകൾ. നെറ്ഫ്ലിക്സിലൂടെയായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഇന്ത്യൻ 2ന് അപ്രതീക്ഷിതമായി ലഭിച്ച പരാജയമാണ് ഇന്ത്യൻ 3 ഒടിടിയിലൂടെ റീലിസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതെന്നുമാണ് സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ.
കമല്‍ഹാസന്‍ സേനാപതിയെന്ന സ്വാതന്ത്ര്യസമര സേനാനിയുടെ വേഷത്തിലെത്തിയ 1996-ലെ ഇന്ത്യന്‍ അക്കാലത്തെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു. അഴിമതിക്കെതിരെ ആയുധമെടുക്കുന്ന കഥാപാത്രത്തിന്‍റെ തിരിച്ചുവരവിനെ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാല്‍ പ്രേക്ഷകരെ വേണ്ടവിധം തൃപ്തിപ്പെടുത്താന്‍ സിനിമയ്ക്ക് സാധിച്ചില്ല.
പ്രോസ്തെറ്റിക് മേക്കപ്പ് ഉപയോഗിച്ചുള്ള കമല്‍ഹാസന്‍റെ മേക്കോവറിനും വിവിധ ഗെറ്റപ്പുകള്‍ക്കും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. അന്തരിച്ച നടന്മാരായ നെടുമുടി വേണു , വിവേക്, മനോബാല എന്നിവരെ എഐ ഉപയോഗിച്ച് ശങ്കര്‍ പുനസൃഷ്ടിച്ചത് ചര്‍ച്ചയായിരുന്നു. സിനിമയുടെ മൂന്നാം ഭാഗത്തിന്‍റെ ടീസര്‍ കാണിച്ചു കൊണ്ടാണ് ഇന്ത്യന്‍ 2 അവസാനിച്ചത്. ലൈക പ്രൊഡക്ഷന്‍സും റെഡ് ജയിന്‍റും ചേർന്ന് നിർമിച്ച ചിത്രത്തിൽ അനിരുദ്ധാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.