MOVIES

നാടിന് താങ്ങാനാവാത്ത വലിയ ദുരന്തം, വയനാടിനൊപ്പം: വി എ ശ്രീകുമാര്‍

ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകുമാര്‍ അനുശോചനമറിയിച്ചത്

Author : ന്യൂസ് ഡെസ്ക്

വയനാട് ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ഉരുള്‍പൊട്ടലില്‍ അനുശോചനമറിയിച്ച് സംവിധായകന്‍ വി എ ശ്രീകുമാര്‍. ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകുമാര്‍ അനുശോചനമറിയിച്ചത്. നാടിന് താങ്ങാനാവാത്ത വലിയ ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായതെന്നും വയനാടിനൊപ്പമാണെന്നും ശ്രീകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് :

കേരളം എപ്പോഴും എത്ര മാത്രം ഒറ്റ ജനതയാണ് എന്നു ഹൃദയം തൊട്ടറിയുന്നത് ദുരന്തങ്ങളുടെ നേര്‍മുഖങ്ങളിലാണ്. വയനാട്ടില്‍ നാമിപ്പോള്‍ ആ ജനതയാണ്. അയലത്തേക്ക് ഓടിച്ചെന്ന് സഹായിക്കുന്ന അതേ മനസ്. നാടിന് താങ്ങാനാവാത്ത വലിയ ദുരന്തമാണ്. തളരാതിരിക്കുക എന്നതാണ് ഈ നിമിഷം നമുക്ക് ചെയ്യാനാവുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് അവരുടെ ദൗത്യം പൂര്‍ത്തിയാക്കാന്‍ എല്ലാ സഹായവും നമുക്ക് ചെയ്യാം. ഒരു നാട് നാമാവശേഷമായി. മണ്ണിനടിയിലായി. അനാഥരായ കുട്ടികളും ഉറ്റവര്‍ നഷ്ടമായ കുടുംബങ്ങളും ആശ്രയം നഷ്ടപ്പെട്ട മുതിര്‍ന്നവരുമടക്കം അനേകര്‍ അവശേഷിക്കുന്നു. ജീവന്‍ തിരിച്ചു കിട്ടിയപ്പോഴും വീടും സ്വത്തും ഉപജീവന മാര്‍ഗ്ഗവും രേഖകളും നഷ്ടപ്പെട്ടവര്‍.

കേരളത്തിന്റെ മലമേഖലകളില്‍ ആകമാനം ഭീതി നിറഞ്ഞു എന്നതാണ് മറ്റൊന്ന്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ശാസ്ത്രീയമായി കണ്ടെത്തി പരിഹാരം ചെയ്യണം. വയനാടിന് ഒപ്പം. ദുരന്തത്തില്‍ കൊല്ലപ്പെട്ട സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഹൃദയത്തില്‍ നിന്ന് സല്യൂട്ട്. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് പുനരധിവാസവും നാടിന്റെ വീണ്ടെടുക്കലും വേഗത്തിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഓരോ ദുരന്തകാലത്തും കേരളത്തിന് ലോകമെമ്പാടു നിന്നും ലഭിക്കുന്ന സ്‌നേഹത്തോടും നമുക്ക് നന്ദി പറയാം.

അതേസമയം കേരളം ഇന്നേവരെ കാണാത്തത്രയും ശക്തമായ ഉരുള്‍പൊട്ടലില്‍ 205 മരണമാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സ്ഥിരീകരിച്ചത്. ഇനിയും 191 പേരെ കണ്ടെത്തേണ്ടതുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗികമായി നല്‍കുന്ന വിവരം. ഇതുവരെ 94 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

അപകടത്തില്‍ പരുക്കേറ്റ 146 പേര്‍ ചികിത്സയിലാണ്. 116 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. 52 മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 20 പുരുഷന്മാര്‍, 13 സ്ത്രീകള്‍, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 61 പേരുടെ മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതില്‍ 26 ശരീരഭാഗങ്ങളും ഉള്‍പ്പെടും.







SCROLL FOR NEXT