മമ്മൂട്ടിയുടെ രോഗം ഭേദമായെന്നും പൂർണ ആരോഗ്യം വീണ്ടെടുത്തെന്നുമുള്ള വാർത്തകൾ ആശ്വാസത്തോടെയാണ് സിനിമാപ്രേമികൾകേട്ടത്. നടന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചികിത്സയിലാണെന്നുമുള്ള വാർത്തകൾ വന്നതോടെ നിരവധിപ്പേരാണ് അദ്ദേഹത്തിനായി പ്രാർഥനയോടെ കാത്തിരുന്നത്. അതുകൊണ്ടുതന്നെ താരം സുഖം പ്രാപിച്ചവാർത്ത ഏറെ സന്തോഷത്തോടെ സുഹൃത്തുക്കളടക്കം നിരവധിപ്പേർ പങ്കുവച്ചിരുന്നു.
നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ്റെ പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മമ്മൂട്ടിയമായി ഫോണിൽ നടത്തിയ സംഭാഷണം പങ്കുവച്ചായിരുന്നു ശ്രീരാമന്റെ കുറിപ്പ്.
കുറിപ്പിന്റെ പൂർണരൂപം;
" നിന്നെ ഞാൻ കൊറേ നേരായീലോ വിളിക്കണ് ? നീ വളരെ ബിസി ആണ് ആണ് ലേ?
"ബിസിആയിട്ട് പൊക്കോണ്ടിരിയ്ക്കായിരുന്നു ഓട്ട്രഷേല് .ഇതിൻ്റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല. "
കാറോ ?
"ഡ്രൈവൻ വീട്ടിപ്പോയി. ഇന്ദുചൂഡൻ് സ് പ്രദർദശനത്തിന് വന്നതാ. അത് കഴിഞ്ഞ് , അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു.
അപ്പ അവൻ പോയി..''
ഡാ ഞാൻ വിളിച്ചതെന്തിനാന്ന് ചോദിക്ക്.. .നീ
" എന്തിനാ?"
അവസാനത്തെ ടെസ്റ്റും പാസ്സായട
"ദാപ്പോവല്യേ കാര്യം ?ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. "
നീയ്യാര് പടച്ചോനോ?
"ഞാൻ കാലത്തിനു മുമ്പേ നടക്കുന്നവൻ. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവൻ"
...........
"എന്താ മിണ്ടാത്ത്. ?🤔"
ഏതു നേരത്താ നിന്നെ വിളിക്കാൻ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ.
🌧️ 🦅
യാ ഫത്താഹ്
സർവ്വ ശക്തനായ തമ്പുരാനേ
കാത്തു കൊള്ളണേ ! "
മമ്മൂട്ടിയോടൊപ്പമുള്ള ആദ്യകാല ചിത്രം പങ്കുവച്ചായിരുന്നു കുറിപ്പ്.
കളങ്കാവലാണ് അടുത്തതായി പുറത്തിറങ്ങാനുള്ള മമ്മൂട്ടി ചിത്രം. ബിഗ് ബജറ്റിൽ ഇറങ്ങാൻ കാത്തിരിക്കുന്ന മഹേഷ് നാരായണൻ ചിത്രം ഉൾപ്പെടെ ഏതാനും സിനിമകൾ മമ്മൂട്ടിയുടേതായി വരാനിരിക്കെയാണ് രോഗ വാർത്ത പുറത്തുവരുന്നത്. ചികിത്സയ്ക്കായി അദ്ദേഹം സിനിമയിൽ നിന്നും വിട്ടുനിൽക്കാൻ ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.