കൊച്ചി: മമ്മൂട്ടി, വിനായകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'കളങ്കാവൽ' ആദ്യം ദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയെടുത്തത്. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രതിനായക കഥാപാത്രം അക്ഷരാർഥത്തിൽ കാണികളെ ഞെട്ടിച്ചു. മമ്മൂട്ടി ഇതുവരെ കൈകാര്യം ചെയ്യാത്ത തരം കഥാപാത്രമാണിത് എന്നാണ് പൊതു അഭിപ്രായം. സിനിമയിലെ വിനായകന്റെ പ്രകടനത്തിനും പ്രശംസ ലഭിക്കുന്നുണ്ട്.
മലയാള സിനിമയുടെ നിലവാരം കൂടുതൽ മികവിലേക്ക് ഉയർത്തുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് ധൈര്യമായി ചേർത്തുവയ്ക്കാവുന്ന ഒന്നാണ് ഈ ചിത്രം എന്നാണ് കളങ്കാവൽ കണ്ട വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടത്. മമ്മൂക്കയും വിനായകനും വെള്ളിത്തിരയിൽ മത്സരിച്ച് അഭിനയിക്കുന്ന കാഴ്ചയാണ് 'കളങ്കാവലി'ൽ കണ്ടത്. കാലം ചെല്ലുന്തോറും അഭിനയത്തിന്റെ പുതുതലങ്ങൾ തേടുന്ന മമ്മൂക്കയുടെ ധൈര്യവും അർപ്പണബോധവും അത്ഭുതപ്പെടുത്തുന്നു എന്നുമാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
ജിഷ്ണു ശ്രീകുമാറും സംവിധായകൻ ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മുജീബ് മജീദാണ് പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഫൈസല്‍ അലിയും എഡിറ്റിങ് പ്രവീൺ പ്രഭാകറും. മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രം വേഫേറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്തത്.
'കളങ്കാവൽ': ധീരമായ പരീക്ഷണം
മലയാള സിനിമയുടെ നിലവാരം കൂടുതൽ മികവിലേയ്ക്ക് ഉയർത്തുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് ധൈര്യമായി ചേർത്തുവെക്കാവുന്ന ഒന്നാണ് ഈ ചിത്രം.
നമ്മുടെ പ്രിയപ്പെട്ട മമ്മൂക്കയും വിനായകനും വെള്ളിത്തിരയിൽ മത്സരിച്ച് അഭിനയിക്കുന്ന കാഴ്ചയാണ് 'കളങ്കാവലി'ൽ കണ്ടത്. കാലം ചെല്ലുന്തോറും അഭിനയത്തിന്റെ പുതുതലങ്ങൾ തേടുന്ന മമ്മൂക്കയുടെ ധൈര്യവും അർപ്പണബോധവും അത്ഭുതപ്പെടുത്തുന്നു. അതിസൂക്ഷ്മമായ ഭാവഭേദങ്ങൾ കൊണ്ട് അദ്ദേഹം തന്റെ കഥാപാത്രത്തെ അവിസ്മരണീയമാക്കി.
അതുപോലെ തന്നെ എടുത്തു പറയേണ്ടതാണ് വിനായകന്റെ പ്രകടനം. പച്ചയായ മനുഷ്യജീവിതങ്ങളെ, അതിന്റെ എല്ലാ തീവ്രതയോടും കൂടി സ്ക്രീനിലെത്തിക്കാൻ വിനായകനുള്ള കഴിവ് അപാരമാണ്. മമ്മൂക്കയ്‌ക്കൊപ്പം ഒട്ടും പിന്നിലല്ലാതെ കട്ടയ്ക്ക് നിൽക്കുന്ന പ്രകടനമാണ് വിനായകൻ കാഴ്ചവെച്ചിരിക്കുന്നത്.
ശക്തമായ പ്രമേയവും മികച്ച അവതരണവും കൊണ്ട് 'കളങ്കാവൽ' പ്രേക്ഷകമനസ്സിൽ ഇടംപിടിക്കുമെന്നതിൽ സംശയമില്ല. ഈ നല്ല സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച സംവിധായകനും മറ്റ് അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
നല്ല സിനിമകൾ വിജയിക്കട്ടെ.