MOVIES

ഹാഷിറും കൂട്ടരും ഒരു വരവ് കൂടി വരും; 'വാഴ 2' പ്രഖ്യാപിച്ചു

തിരക്കഥാകൃത്ത് വിപിന്‍ദാസ് ആണ് വാഴ 2 ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്


തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന 'വാഴ' സിനിമയ്ക്ക് തുടര്‍ച്ച ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍. സോഷ്യല്‍ മീഡിയ താരം ഹാഷിറും സംഘവും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയ്ക്ക് ' വാഴ 2 ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്‍റെ അവസാനത്തില്‍ രണ്ടാം ഭാഗത്തിന്‍റെ സൂചനകള്‍ നല്‍കിയിരുന്നു. തിരക്കഥാകൃത്ത് വിപിന്‍ദാസ് ആണ് വാഴ 2 ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയ കണ്ടന്‍റ് ക്രിയേറ്റര്‍മാരായ ഹാഷിര്‍, അര്‍ജുന്‍, വിനായകന്‍, അലന്‍ എന്നിവരടങ്ങുന്ന ടൈറ്റില്‍ പോസ്റ്ററും വിപിന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മറ്റ് നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ടാകുമെന്നും വിപിന്‍ദാസ് പറയുന്നു. നവാഗതനായ സവിന്‍ എ.എസാണ് വാഴ 2 സംവിധാനം ചെയ്യുന്നത്.

അഖില്‍ ലൈലാസുരനാണ് ക്യാമറ. സംഗീത സംവിധായകനെ നിശ്ചയിച്ചിട്ടില്ല. അതിനായുള്ള തെരച്ചില്‍ നടക്കുന്നു എന്നാണ് പോസ്റ്ററിനൊപ്പമുള്ള കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. വിപിന്‍ദാസ് നിര്‍മാണത്തിലും പങ്കാളിയാകുന്ന ചിത്രം ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ്, ഐക്കണ്‍ സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തിയ വാഴയുടെ ആദ്യ ഭാഗം ആനന്ദ് മേനോനാണ് സംവിധാനം ചെയ്തത്. സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

SCROLL FOR NEXT