MOVIES

റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ബാഡ് ഗേള്‍; NETPAC പുരസ്‌കാരം നേടി

ബാഡ് ഗേളിന്റെ ടീസറില്‍ കാണിച്ചിരിക്കുന്ന പെണ്‍കുട്ടി ബ്രാഹ്‌മണ സമൂഹത്തില്‍ നിന്നാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്. ഇതേ തുടര്‍ന്ന് തമിഴ്‌നാട് ബ്രാഹ്‌മണ അസോസിയേഷന്‍ നിര്‍മാതാവായ വെട്രിമാരന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്


വര്‍ഷ ഭാരത് സംവിധാനം ചെയ്ത ബാഡ് ഗേള്‍ എന്ന ചിത്രത്തിന്റെ ടീസര്‍ സമൂഹമാധ്യമത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഒരു പെണ്‍കുട്ടിയുടെ കൗമാരക്കാലം മുതല്‍ അവള്‍ വളര്‍ന്ന് പല ജീവിത സാഹചര്യത്തിലൂടെയും കടന്ന് പോകുന്നതിനെയാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ടീസറിന് പ്രശംസയ്‌ക്കൊപ്പം തന്നെ വളരെ അധികം വിമര്‍ശനവും ലഭിച്ചിരുന്നു. എന്നാല്‍ ആ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് ബാഡ് ഗേള്‍ ഇപ്പോള്‍. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന് NETPAC (network for the promotion of asian cinema) പുരസ്‌കാരം ലഭിച്ചു.

2019ല്‍ അരുണ്‍ കാര്‍ത്തിക് സംവിധാനം ചെയ്ത നാസിര്‍ എന്ന ചിത്രമാണ് അവസാനമായി ഈ പുരസ്‌കാരം നേടിയ തമിഴ് ചിത്രം. മണി കൗളിന്റെ നോക്കര്‍ കി കമ്മീസ് (1999), അടൂര്‍ ഗോപാലകൃഷ്ണന്റെ വിധേയന്‍ (1995) എന്നീ സിനിമകള്‍ക്കാണ് അതിന് മുന്‍പ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

ബാഡ് ഗേളിന്റെ ടീസറില്‍ കാണിച്ചിരിക്കുന്ന പെണ്‍കുട്ടി ബ്രാഹ്‌മണ സമൂഹത്തില്‍ നിന്നാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്. ഇതേ തുടര്‍ന്ന് തമിഴ്‌നാട് ബ്രാഹ്‌മണ അസോസിയേഷന്‍ നിര്‍മാതാവായ വെട്രിമാരന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ചിത്രം റിലീസ് ചെയ്യരുതെന്നാണ് ബ്രാഹ്‌മണ അസോസിയേഷന്റെ പ്രധാന ആവശ്യം.

ടീസറില്‍ കേന്ദ്ര കഥാപാത്രമായ പെണ്‍കുട്ടി തന്റെ കുടുംബത്തെയും സമൂഹത്തിന്റെ ചട്ടകൂടുകളെയും എതിര്‍ത്ത് ജീവിക്കുന്ന വ്യക്തിയാണ്. സ്‌കൂളില്‍ പഠിക്കുന്ന ഈ പെണ്‍കുട്ടി തനിക്ക് ഒരു കാമുകന്‍ വേണമെന്ന് ആഗ്രഹിക്കുന്നു. അവളുടെ പ്രണയവും, ലൈംഗികതയും, സ്ത്രീ എന്ന നിലയില്‍ സമൂഹത്തില്‍ നിന്ന് നേരിടുന്ന പ്രശ്‌നങ്ങളുമെല്ലാമാണ് ടീസറില്‍ പറഞ്ഞുവെക്കുന്നത്.

വര്‍ഷ ഭാരതാണ് ചിത്രത്തിന്റെ സംവിധായിക. വെട്രിമാരന്റെ വിസാരണൈ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു വര്‍ഷ. 2025 റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കേന്ദ്ര കഥാപാത്രമായ പെണ്‍കുട്ടിക്ക് അവളുടേതായ പ്രശ്‌നങ്ങളുണ്ട്, ജീവിതത്തില്‍ തെറ്റുകള്‍ വരുത്തുന്നുണ്ട്. എന്നാല്‍ മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള മനസ് അവള്‍ക്കില്ലെന്നാണ് വര്‍ഷ പറഞ്ഞത്. 'തമിഴ് സിനിമയില്‍ എപ്പോഴും സ്ത്രീകളെ ചിത്രീകരിക്കുന്നത് പൂ പോലെ പരിശുദ്ധയായവള്‍ എന്ന രീതിയിലാണ്. അത് ഒരു സ്ത്രീയെ സംബന്ധിച്ച് വലിയ ബാധ്യതയായി എനിക്ക് തോന്നി. അതുകൊണ്ടാണ് എല്ലാവര്‍ക്കും അറിയുന്ന ഒരു കഥാപാത്രത്തെ ചെയ്യാമെന്ന് കരുതിയത്', പ്രമോഷണല്‍ ഇവന്റിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ വര്‍ഷ പറഞ്ഞ വാക്കുകളാണിത്.

ഈ സിനിമ സ്ത്രീകള്‍ക്കുള്ള ഒരു പഠന സഹായി ഒന്നുമല്ല. താന്‍ ആരോടും എങ്ങനെ ജീവിക്കണമെന്ന് പറയാന്‍ ആളല്ല. ഈ കഥാപാത്രത്തിന് അവരുടേതായ പ്രശ്‌നങ്ങളുണ്ടെന്നും വര്‍ഷ അഭിപ്രായപ്പെട്ടു. 

SCROLL FOR NEXT