MOVIES

മലയാളത്തില്‍ ലോക നിലവാരത്തിലുള്ള സിനിമകള്‍ വരുന്നു, ഒരേസമയം പുതുമ നിറഞ്ഞതും മനുഷ്യരോട് ചേര്‍ന്ന് നില്‍ക്കുന്നതും: ബോളിവുഡ് നടന്‍ മകരന്ദ്

"സുഹൃത്തുക്കളെ കാണുമ്പോള്‍ അടുത്തിടെ ഏത് മലയാളം സിനിമ കണ്ടു എന്ന് ചോദിക്കാറുണ്ട്"

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയില്‍ ഇന്ന് ലോകനിലവാരത്തില്‍ സിനിമ ചെയ്യുന്നത് മലയാളത്തിലാണെന്ന് പ്രശസ്ത ബോളിവുഡ് നടന്‍ മകരന്ദ് ദേശ്പാണ്ഡേ. ഇവിടുത്തെ പ്രേക്ഷകരുടെ സിനിമാ പരിജ്ഞാനമാണ് താരങ്ങള്‍ക്ക് പരീക്ഷണ ചിത്രങ്ങള്‍ ചെയ്യാന്‍ ധൈര്യം നല്‍കുന്നതെന്നും അദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ വവ്വാലിന്റെ പൂജയ്ക്കായി കൊച്ചിയില്‍ എത്തിയതായിരുന്നു അദേഹം.

മലയാള സിനിമ ഒരേസമയം പുതുമ നിറഞ്ഞതും മനുഷ്യരോട് ചേര്‍ന്ന് നില്‍ക്കുന്നതുമാണ്. എന്തുകൊണ്ടാണ് മലയാളത്തില്‍ മികച്ച സിനിമകള്‍ ഉണ്ടാകുന്നത് എന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. സുഹൃത്തുക്കളെ കാണുമ്പോള്‍ അടുത്തിടെ ഏത് മലയാളം സിനിമ കണ്ടു എന്ന് ചോദിക്കാറുണ്ട്. അതിന് കാരണം ഇവിടുത്തെ പ്രേക്ഷകരുടെ സിനിമാ പരിജ്ഞാനമാണെന്നും മകരന്ദ് ദേശ് പാണ്ഡേ പറഞ്ഞു. ഇതാണ് പരീക്ഷണ ചിത്രങ്ങള്‍ ചെയ്യാന്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് ധൈര്യം നല്‍കുന്നതെന്നും ബോളിവുഡില്‍ അത് സംഭവിക്കുന്നില്ലെന്നും അദേഹം പറഞ്ഞു.

ഓണ്‍ ഡിമാന്റ്‌സിന്റെ ബാനറില്‍ ഷഹ്‌മോന്‍ ബി പറേലില്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വവ്വാല്‍ എന്ന സിനിമയുടെ പൂജ-സ്വിച്ച് ഓണ്‍ ചടങ്ങുകള്‍ക്കായി എത്തിയതായിരുന്നു മകരന്ദ് ദേശ്പാണ്ഡേ. ചാവറ കള്‍ച്ചറല്‍ സെന്ററിലായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളായ ലെവിന്‍ സൈമണ്‍, നായിക ലക്ഷ്മി ചപോര്‍ക്കര്‍, പ്രവീണ്‍, ഗോകുലന്‍ മറ്റ് അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. ജോസഫ് നെല്ലിക്കല്‍ ആദ്യ ക്ലാപ്പ് നല്‍കി.

മനോജ് എംജെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കലാണ്. എഡിറ്റര്‍- ഫൈസല്‍ പി ഷഹ്‌മോന്‍, സംഗീതം- ജോണ്‍സണ്‍ പീറ്റര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ മാത്യു, മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍, കോസ്റ്റ്യും ഡിസൈനര്‍- ഭക്തന്‍ മങ്ങാട്, സംഘടനം- നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ്- ആഷിഖ് ദില്‍ജിത്ത്, പിആര്‍ഒ- എഎസ് ദിനേശ്, സതീഷ് എരിയാളത്ത്, സ്റ്റില്‍സ്- രാഹുല്‍ തങ്കച്ചന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒപ്പറ, ഹോട്ട് ആന്റ് സോര്‍, ഡിസൈന്‍ - കോളിന്‍സ് ലിയോഫില്‍. സിനിമയുടെ ചിത്രീകരണം അടുത്തയാഴ്ച്ച ആരംഭിക്കും.

SCROLL FOR NEXT