MOVIES

ഗോട്ടിന് നെഗറ്റീവ് കമന്‍റ്സ് വരുന്നത് ചെന്നൈ സൂപ്പര്‍ കിങ്സിനെ പുകഴ്ത്തിയതിനാല്‍; വെങ്കട് പ്രഭു

റിലീസ് ദിനം മുതല്‍ തമിഴ് നാട്ടില്‍ മികച്ച പ്രതികരണവും കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും സമ്മിശ്ര പ്രതികരണവുമാണ് ഗോട്ടിന് ലഭിക്കുന്നത്

Author : ന്യൂസ് ഡെസ്ക്



മികച്ച തിയേറ്റര്‍ കളക്ഷനുമായി ബോക്സോഫീസില്‍ കുതിക്കുകയാണ് വിജയ് ചിത്രം ഗോട്ട് - ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. വെങ്കട് പ്രഭുവിനൊപ്പം വിജയ് ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ഇരട്ടവേഷങ്ങളിലാണ് വിജയ് എത്തുന്നത്. റിലീസ് ദിനം മുതല്‍ തമിഴ് നാട്ടില്‍ മികച്ച പ്രതികരണവും കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും സമ്മിശ്ര പ്രതികരണവുമാണ് ഗോട്ടിന് ലഭിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന നെഗറ്റീവ് കമന്‍റുകളുടെ കാരണം സംവിധായകന്‍ വെങ്കട് പ്രഭു തുറന്നുപറഞ്ഞതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. ചിത്രത്തിൽ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിനെ കുറിച്ചുള്ള പരാമർശമാണെന്നാണ് സംവിധായകൻ വെങ്കട് പ്രഭു പറയുന്നത്. സിഎസ്‌കെ പരാമർശം തമിഴ്നാടിന് പുറത്തുള്ള പ്രേക്ഷകരിൽ നന്നായി എത്തിചേർന്നിട്ടുണ്ടാകില്ല. താൻ ഒരു സിഎസ്‌കെ ആരാധകനായതുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സ്, ആർസിബി ആരാധകർ തന്നെ എപ്പോഴും ട്രോളുന്നതെന്നും വെങ്കട്ട് പ്രഭു പറഞ്ഞു. താൻ സിഎസ്‌കെയെ പിന്തുണക്കുന്ന ആളാണെന്നും അതിൽ തനിക്ക് ഒന്നും ചെയ്യാനില്ലെന്നും വെങ്കിട് പ്രഭു പറഞ്ഞു.

ആക്ഷൻ മൂഡിൽ ഒരുങ്ങിയ ഈ ചിത്രം എജിഎസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് , അര്‍ച്ചന കല്‍പാത്തി എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. യുവന്‍- വെങ്കട് പ്രഭു ടീമിന്‍റെ മുന്‍ സിനിമകളെ അപേക്ഷിച്ച് ഗോട്ടിലെ പാട്ടുകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

പ്രഭുദേവ, പ്രശാന്ത്, സ്നേഹ, ലൈല, മീനാക്ഷി ചൗധരി ,ജയറാം എന്നിവര്‍ പ്രധാന റോളുകളിലെത്തിയ സിനിമയുടെ നിര്‍മാണ ചെലവ് 375 കോടിയാണെന്ന് നിര്‍മാതാവ് അര്‍ച്ചന കല്‍പ്പാത്തി വെളിപ്പെടുത്തിയിരുന്നു. വിജയ്‌യുടെ മാത്രം പ്രതിഫലം 200 കോടിയാണെന്നും അര്‍ച്ചന പറഞ്ഞിരുന്നു. ബിഗില്‍ ചെയ്യുമ്പോള്‍ ഉണ്ടായിരുന്നതിലും കൂടുതല്‍ മാര്‍ക്കറ്റ് വാല്യൂ വിജയ്ക്ക് ഇന്ന് ഉണ്ടെന്നും അര്‍ച്ചന പറഞ്ഞു. ചിത്രത്തിന്‍റെ ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള ആദ്യ ദിന കളക്ഷന്‍ 126.32 കോടിയാണ്.

SCROLL FOR NEXT