'ലക്കി ഭാസ്കറി'ൽ ദുൽഖർ സൽമാൻ, വെങ്കി അട്‌ലൂരി 
MOVIES

"ലക്കി ഭാസ്കർ 2 രണ്ട് വർഷത്തിനുള്ളിൽ, നായകൻ ദുൽഖർ അല്ലാതെ മറ്റാര്... "; വെങ്കി അട്‌ലൂരിയുടെ ലൈനപ്പ് ഇതാണ്

സൂര്യ നായകനായ 'വിശ്വനാഥ് ആൻഡ് സൺസ്' ആണ് വെങ്കി അട്‌ലൂരിയുടെ പുതിയ ചിത്രം

Author : ന്യൂസ് ഡെസ്ക്

തെലുങ്കിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ദുൽഖർ സൽമാൻ ചിത്രം 'ലക്കി ഭാസ്കറി'ന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വീണ്ടും ഉറപ്പിച്ച് സംവിധായകൻ വെങ്കി അട്‌ലൂരി. ഈ ചിത്രത്തിന് പുറമേ ഒരു ചിൽഡ്രൻസ് മൂവിയും ലൈനപ്പിലുണ്ടെന്ന് സംവിധായകൻ വെളിപ്പെടുത്തി. പുതിയ ചിത്രം 'വിശ്വനാഥ് ആൻഡ് സൺസി'ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുമായി സംസാരിക്കുകയായിരുന്നു സംവിധായകൻ.

"ലക്കി ഭാസ്കർ വലിയ ഒരു ഉത്തരവാദിത്തമായിരിക്കും. എനിക്കത് പല രീതികളിൽ ശരിയാകണമെന്നുണ്ട്. രണ്ട് വർഷത്തിനുള്ളിൽ ഞാൻ 'ലക്കി ഭാസ്കർ 2' ആരംഭിക്കും," വെങ്കി അട്‌ലൂരി പറഞ്ഞു. ദുൽഖർ തന്നെയായിരിക്കും ലക്കി ഭാസ്കർ 2ലെ കേന്ദ്ര കഥാപാത്രമായി എത്തുകയെന്ന് മറ്റൊരു അഭിമുഖത്തിൽ വെങ്കി വ്യക്തമാക്കിയിരുന്നു."ദുൽഖർ അല്ലാതെ മറ്റാരെയാണ് ആ വേഷത്തിലേക്ക് സങ്കൽപ്പിക്കാൻ സാധിക്കുക" എന്നാണ് സംവിധായകൻ അവതാരികയോട് ചോദിച്ചത്.

2024 ഒക്ടോബറിലാണ് 'ലക്കി ഭാസ്കർ' ആഗോളതലത്തിൽ തിയേറ്ററുകളിലെത്തിയത്. വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം വമ്പന്‍ വിജയമാണ് നേടിയത്. സിനിമ 100 കോടി ക്ലബിലും ഇടംപിടിച്ചിരുന്നു. ഇതോടെ,  മറ്റൊരു ഭാഷയിൽ 100 കോടി കളക്ഷൻ നേടുന്ന നടൻ എന്ന റെക്കോർഡും ദുൽഖർ സ്വന്തമാക്കി.

ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രം, 1992ല്‍ ബോംബ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്ന. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായികാവേഷം ചെയ്തത്. സിനിമ കേരളത്തിലും ജിസിസി രാജ്യങ്ങളിലും വിതരണം ചെയ്തത് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ്.

അതേസമയം, സൂര്യയെ നായകനാക്കി വെങ്കി അട്‌ലൂരി ഒരുക്കിയ 'വിശ്വനാഥ് ആൻഡ് സൺസ്' ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍‍മെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഒരു ഗംഭീര ഫാമിലി എന്റർടെയ്‌നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയ്‌ലർ, ടീസർ എന്നിവ നൽകുന്ന സൂചന. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

SCROLL FOR NEXT