മുതിര്‍ന്ന നടി ബി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു. ബെംഗളൂരു മല്ലേശ്വരത്ത വീട്ടില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
17-ാം വയസില്‍ 'മഹാകവി കാളിദാസ' (1955) എന്ന ചിത്രത്തിലൂടെയാണ് സരോജ ദേവി സിനിമാ ജീവിതം ആരംഭിക്കുന്നത്. 1958ല്‍ എം.ജി. രാമചന്ദ്രനൊപ്പം 'നാടോടി മന്നന്‍' എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് താരം പ്രശസ്തയായി.
ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, എന്‍.ടി. രാമറാവു, രാജ്കുമാര്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം സരോജ ദേവി അഭിനയിച്ചിട്ടുണ്ട്. 1955നും 1984നും ഇടയില്‍ തുടര്‍ച്ചയായി 161 സിനിമകളില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചതിന്റെ ബഹുമതിയും അവര്‍ക്കുണ്ട്.
'തായ് സൊല്ലൈ തത്താതെ', 'തായായി കഥ തനയന്‍', 'നീതി പിന്‍ പാസം' എന്നിവയുള്‍പ്പടെ 26 ഹിറ്റ് ചിത്രങ്ങളില്‍ സരോജ ദേവി എം.ജി. രാമചന്ദ്രനുമായി ഒരുമിച്ച് അഭിനയിച്ചു. അവരുടെ ഓണ്‍സ്‌ക്രീന്‍ ജോഡി ജനപ്രിയമായിരുന്നു. ശിവാജി ഗണേശനൊപ്പം, 'സബാഷ് മീന', 'തങ്കമലൈ രാഗസിയം', 'എങ്കള്‍ കുടുംബം പെരിസു' തുടങ്ങി 22 തുടര്‍ച്ചയായ ഹിറ്റുകളും സമ്മാനിച്ചു.
തെലുങ്ക് സിനിമയില്‍ എന്‍.ടി. രാമറാവുവിനൊപ്പം 'സീതാരാമ കല്യാണം', 'ജഗദേക വീരുണി കഥ', 'ദാഗുഡു മൂത്തലു' തുടങ്ങിയ വിജയ ചിത്രങ്ങളില്‍ അഭിനയിച്ചു. 'പൈഗം', 'ഓപ്പറ ഹൗസ്', 'സസുരാല്‍', 'പ്യാര്‍ കിയാ തോ ദര്‍ണാ ക്യാ' എന്നിവയാണ് അവരുടെ ഹിന്ദി ചിത്രങ്ങള്‍.
സരോജ ദേവിക്ക് 1969ല്‍ പത്മശ്രീയും 1992ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചിരുന്നു. കൂടാതെ തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡും ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഓണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ, കന്നഡ ചലച്ചിത്ര സംഘത്തിന്റെ വൈസ് പ്രസിഡന്റായും 53-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ ജൂറി അധ്യക്ഷയായും അവര്‍ സേവനമനുഷ്ഠിച്ചു.
"അഭിനയ സരസ്വതി", "കന്നഡത്തു പൈങ്കിളി" എന്നീ വിശേഷണങ്ങളില്‍ അറിയപ്പെട്ട നടിയാണ് സരോജ ദേവി. കന്നഡ സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പര്‍സ്റ്റാര്‍ കൂടിയായിരുന്നു ബി. സരോജ ദേവി.