ചെന്നൈ: പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ എം.സി. സബേഷ് (68) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ ദേവയുടെ സഹോദരനാണ്.
മറ്റൊരു സഹോദരനായ മുരളിക്കൊപ്പം നിരവധി ഹിറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ജ്യേഷ്ഠന്‍ ദേവയുടെ വഴിയെ ആണ് സഹോദരങ്ങളായ സബേഷും മുരളിയും സംഗീത സംവിധാനത്തിലേക്ക് എത്തുന്നത്. സംഗീത സംവിധാന സഹായി ആയിട്ടാണ് തുടക്കം. പ്രശാന്ത് ചിത്രം 'ജോഡി'യില്‍ പശ്ചാത്തല സംഗീതം ഒരുക്കിയാണ് മുന്‍നിരയിലേക്ക് വരുന്നത്. എ.ആർ. റഹ്മാന്‍ ആയിരുന്നു ഈ ചിത്രത്തിന്റെ സംഗീത സംവിധാനം. സബേഷ്-മുരളി സഹോദരങ്ങള്‍ക്ക് 'ജോഡി' വഴിത്തിരിവായി. 'സമുദിരം' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകരായത്.
പൊക്കിഷം, കൂടല്‍ നഗർ, മീലാഗ, ഗോരിപാളയം, എന്നിങ്ങനെ നിരവധി സിനിമകള്‍ക്ക് സംഗീതം നല്‍കി. 2017 ൽ പുറത്തിറങ്ങിയ 'കവാത്ത്' എന്ന ചിത്രത്തിനാണ് അവസാനമായി ഗാനങ്ങള്‍ ഒരുക്കിയത്. 'മീണ്ടും ഒരു മരിയാതൈ' (2020) എന്ന ചിത്രത്തിനാണ് ഒടുവില്‍ പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തിയത്.
സബേഷിന്റെ മകൻ കാർത്തിക് സബേഷും അനന്തരവൻ ജയ്‌യും അഭിനേതാക്കളാണ്. അനന്തരവൻമാരായ ശ്രീകാന്ത് ദേവയും ബോബോ ശശിയും സംഗീതസംവിധായകരും. ഒക്ടോബർ 24 ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ചെന്നൈയിൽ ആണ് സംസ്കാരം. വളസരവാക്കം ചൗധരി നഗറിലെ വസതിയിൽ പൊതുദർശനത്തിനുവെച്ച ഭൗതികശരീരത്തിൽ രാഷ്ട്രീയ-സിനിമ മേഖലയിലെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു. ഭാര്യ: പരേതയായ താര. മക്കൾ: ഗീത, അർച്ചന, കാർത്തിക്.