രജനികാന്തിന്റെ ഫിലിമോഗ്രഫിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായൊരു സിനിമയായിരിക്കും വേട്ടയ്യനെന്ന് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍. റെഡ്‌നൂളിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. വേട്ടയ്യന്‍ ഒരു സിനിമ എന്ന നിലയില്‍ വലിയ സ്വാധീനം സൃഷ്ടിക്കുമെന്നും അനിരുദ്ധ് പറഞ്ഞു.
'ജയ് ഭീം എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ്. ജ്ഞാനവേല്‍ സാര്‍ വന്ന് കഥ പറഞ്ഞപ്പോള്‍, സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഇത്തരമൊരു സിനിമയുടെ ഭാഗമാകുന്നത് ഫ്രെഷ് ഫീലായിരിക്കുമെന്ന് എനിക്ക് തോന്നി. നമ്മളെല്ലാവരും ഇപ്പോള്‍ ശക്തമായ ഉള്ളടക്കമുള്ള സിനിമകളാണ് ഇഷ്ടപ്പെടുന്നത്. വേട്ടയ്യന്‍ ഒരു സിനിമ എന്ന നിലയില്‍ വലിയ സ്വാധീനം സൃഷ്ടിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു', അനിരുദ്ധ് പറഞ്ഞു
'തീര്‍ച്ചയായും സൂപ്പര്‍സ്റ്റാറിന്റെ സാനിധ്യം കൊണ്ട് വേട്ടയ്യന്റെ വലുപ്പം വര്‍ദ്ധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫിലിമോഗ്രഫിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായൊരു സിനിമയായിരിക്കും ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു. വേട്ടയ്യന്റെ കഥ ശക്തമാണ്. ഇന്ന് പ്രേക്ഷകര്‍ അത്തരം സിനിമകള്‍ ഇഷ്ടപ്പെടുന്നു. വേട്ടയ്യന്റെ കാര്യത്തിലും അത് തന്നെയായിരിക്കും സംഭവിക്കുക എന്നാണ് പ്രതീക്ഷയെ'ന്നും അനിരുദ്ധ് കൂട്ടിച്ചേര്‍ത്തു.
ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രമാണ് വേട്ടയ്യന്‍. രജനികാന്തിന് വേണ്ടി അനിരുദ്ധ് സംഗീതം ഒരുക്കുന്ന നാലാമത്തെ ചിത്രമാണ് വേട്ടയ്യന്‍. നേരത്തെ റിലീസായ പേട്ട, ദര്‍ബാര്‍, ജയിലര്‍ സിനിമകളിലെ പാട്ടുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഒക്ടോബര്‍ പത്തിന് വേള്‍ഡ് വൈഡ് റിലീസ് പ്രഖ്യാപിച്ച ചിത്രം തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളില്‍ റിലീസ് ചെയ്യും. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബ്ബാസ്‌കരനാണ് വേട്ടയ്യന്‍ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, റാണ ദഗ്ഗുബതി, റിതിക സിങ്, ദുഷാര വിജയന്‍, കിഷോര്‍ തുടങ്ങി വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.