MOVIES

'ഫഹദിനെയും അന്നയെയും പോലെ എനിക്കാകണം'; ഏറ്റവും പ്രിയപ്പെട്ടവള്‍ ഉര്‍വശിയെന്ന് വിദ്യ ബാലന്‍

ഒരു റോളിന്റെ പൂര്‍ണതക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന വിദ്യ പകുതി മലയാളികൂടിയാണ്

Author : ന്യൂസ് ഡെസ്ക്


വ്യത്യസ്തമായ വേഷങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ സ്ഥാനമുറപ്പിച്ച നടിയാണ് വിദ്യ ബാലന്‍. ഒരു റോളിന്റെ പൂര്‍ണതക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന വിദ്യ പകുതി മലയാളികൂടിയാണ്. ഇപ്പോള്‍ കോമഡി വേഷങ്ങളിലുള്‍പ്പെടെ തിളങ്ങിയിട്ടുള്ള മലയാളത്തിന്റെ സ്വന്തം ഉര്‍വശിയെ കുറിച്ചുള്ള വിദ്യയുടെ പരാമര്‍ശമാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത്. 'എഫ്.ടി.ക്യൂ. വിത് രേഖ മേനോന്‍' എന്ന പരിപാടിയിലാണ് താരത്തിന്റെ ഈ പരാമര്‍ശം.

'കോമഡി റോള്‍ ചെയ്യാന്‍ താല്പര്യം ഉണ്ടെങ്കിലും, സ്ത്രീ കഥാപാത്രങ്ങള്‍ക്കു ഹിന്ദിയില്‍ അതിനു അവസരം ലഭിക്കാറില്ല. ഇന്‍സ്റ്റഗ്രാമിലെ കോമഡി റീലുകള്‍ ചെയ്യുമ്പോള്‍ ഞാന്‍ അതീവ സന്തോഷവതിയാണ്. ചിരിക്കാന്‍ ഒരുപാടിഷ്ടമുള്ള ആളാണ് ഞാന്‍. എന്ത് വിഷമമുണ്ടെകിലും ചിരി കൊണ്ട് അതിനെ നേരിടാന്‍ ശ്രമിക്കാറുണ്ട്. കോമഡി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ എനിക്ക് ആദ്യം ഓര്‍മയില്‍ വരുന്നത് ഉര്‍വശിയും ശ്രീദേവിയുമാണ്', വിദ്യ പറഞ്ഞു.

ഒടിടി പ്ലാറ്റ്‌ഫോമിന്റെ വരവോടെ കൂടുതല്‍ മലയാള സിനിമകള്‍ കാണാന്‍ സാധിക്കുന്നുണ്ടെന്നും വിദ്യ പറഞ്ഞു. ഫഹദിന്റെ വര്‍ക്കുകള്‍ അതിശയകരമാണെന്നും ഇഷ്ടമാണെന്നും അവര്‍ പറഞ്ഞു. സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, നടി അന്ന ബെന്‍ എന്നിവരും പ്രിയപ്പെട്ടവരാണെന്ന് വിദ്യ പറഞ്ഞു. ഫഹദും അന്നയും ചെയുന്നത് പോലെ ഭാഷ വരമ്പുകള്‍ ഇല്ലാതെ ശക്തമായ കഥാപാത്രം ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കുമെന്ന സൂചനകളും താരം പങ്കുവെച്ചു.


SCROLL FOR NEXT