MOVIES

അപ്പുപിള്ളയെ അവതരിപ്പിച്ചത് മനസുകൊണ്ട് : വിജയരാഘവന്‍

ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം

Author : ന്യൂസ് ഡെസ്ക്


കിഷ്‌കിന്ധാ കാണ്ഡത്തിലെ അപ്പുപിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മനസുകൊണ്ടാണെന്ന് നടന്‍ വിജയരാഘവന്‍. ശക്തമായ തിരക്കഥയുടെ പിന്‍ബലത്തില്‍ അപ്പുപിള്ള ഇങ്ങനെയൊക്കെയാകണമെന്ന് മനസുകൊണ്ടുറപ്പിക്കുകയായിരുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

വിജയരാഘവന്റെ വാക്കുകള്‍ :

പൂക്കാലത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മേക്കപ്പിന്റെയും ശരീരഭാഷയുടെയുമെല്ലാം സഹായം വേഷത്തിന് കൂട്ടുവന്നിരുന്നു. എന്നാല്‍, കിഷ്‌കിന്ധാകാണ്ഡത്തിലെ അപ്പുപിള്ളയെ മനസുകൊണ്ടാണ് അവതരിപ്പിച്ചത്. അയാളുടെ അവസ്ഥ അയാളുടേത് മാത്രമാണ്, ജീവിതത്തില്‍ സമാനരീതിയില്‍ കടന്നുപോകുന്നവര്‍ അത്തരത്തില്‍ പെരുമാറണമെന്നില്ല. അങ്ങനെയുള്ള ഓരോ മനുഷ്യരുടെയും പെരുമാറ്റം ഓരോതരത്തിലായിരിക്കും. ശക്തമായ തിരക്കഥയുടെ പിന്‍ബലത്തില്‍ അപ്പുപിള്ള ഇങ്ങനെയൊക്കെയാകണമെന്ന് ഞാന്‍ മനസുകൊണ്ടുറപ്പിക്കുകയായിരുന്നു.



കഥാപാത്രത്തിന്റെ ഇടപെടലുകളും അസ്വസ്ഥമാകുമ്പോഴെല്ലാം കൈവിരലുകള്‍ചേര്‍ത്ത് കൂട്ടിത്തിരുമ്മുന്ന പെരുമാറ്റത്തെക്കുറിച്ചും പലരും സംസാരിക്കുന്നുണ്ട്, അതൊന്നും മുന്‍കൂട്ടി നിശ്ചയിച്ച് ചെയ്തതല്ല. അഭിനയപ്രാധാന്യമുള്ള ഇത്തരം വേഷങ്ങള്‍ തേടിവരുന്നതാണ് കലാകാരന്റെ ഭാഗ്യം. അപ്പുപിള്ളയ്ക്കുവേണ്ടി വലിയ മുന്നൊരുക്കമൊന്നും നടത്തിയിട്ടില്ല. കഥാപാത്രത്തെ മനസ്സിലാക്കിക്കഴിയുമ്പോള്‍ ചിലതെല്ലാം തെളിയും. അതനുസരിച്ചാണ് ക്യാമറയ്ക്കുമുന്നില്‍ നില്‍ക്കുന്നത്. അതെങ്ങനെയെന്ന് വിശദീകരിക്കാന്‍ കഴിയില്ല.


ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. ചിത്രം സെപ്റ്റംബര്‍ 12ന് ഓണം റിലീസായാണ് തിയേറ്ററിലെത്തിയത്. ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. ഫാമിലി ത്രില്ലറായ ചിത്രത്തിന്റെ തിരക്കഥ രചിച്ചതും ക്യാമറ കൈകാര്യം ചെയ്തതും ബാഹുല്‍ രമേശാണ്.

SCROLL FOR NEXT